കൊച്ചി- ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. അസഫാക്കിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിയില്‍ അടച്ചു.പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. പോക്‌സോ കോടതി അപേക്ഷ പരിഗണിക്കും. കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ അടക്കം 9 വകുപ്പുകളാണ് അസഫാക്കിനെതിരെ എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്.
പ്രാഥമിക ചോദ്യചെയ്യലില്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അസഫാക്ക് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്ക് വീട് എടുത്തു നല്‍കിയ മൂന്നു പേരെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. കുറ്റകൃത്യം നടത്തിയതിന് പ്രതിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അസഫാക്കിന്റെ പൂര്‍വകാല ചരിത്രം അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിഹാര്‍ പൊലീസുമായി അന്വേഷണ സംഘം ബന്ധപ്പെട്ടു. ബിഹാറിലേക്ക് അന്വേഷണ സംഘം പോകും. അസഫാക് ആലത്തിന് ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു. മദ്യപിച്ചു റോഡില്‍ കിടക്കുന്നതും ആളുകളുമായി തര്‍ക്കമുണ്ടാക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.