തിരുവനന്തപുരം - മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐ ജി ഗുഗുലോത്ത് ലക്ഷ്മണ്‍ നടത്തിയ ആരോപണങ്ങളില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എം പി. മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങിയെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണിതെന്നും മുരളീധരന്‍ പറഞ്ഞു. ശിവശങ്കരന്‍ രണ്ടുമാസം കൂടി ജയിലില്‍ കിടന്നാല്‍ ഇതിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും മുരളീധരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ പ്രതി ചേര്‍ത്തതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഐ ജി ഗുരുതര ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക തര്‍ക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നില്‍ക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ഐ ജിയുടെ വെളിപ്പെടുത്തല്‍. ഇവരാണ് തന്നെ കേസില്‍ പെടുത്തിയതെന്നും ഐ ജി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.