Sorry, you need to enable JavaScript to visit this website.

സഞ്ചാരികൾക്ക്  പാലരുവിയിലേക്ക് സ്വാഗതം

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തു.  വെള്ളം കുറഞ്ഞതിനെ തുടർന്നു മൂന്നു മാസം മുമ്പാണ് പ്രവേശനം നിർത്തിവെച്ചത്. തുടർച്ചയായി ലഭിച്ച വേനൽ മഴയിൽ നീരൊഴുക്കായതോടെയാണ് പാലരുവി വീണ്ടും സന്ദർശകരിലേക്കെത്തുന്നത്.  ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് പാലരുവി. മുന്നൂറ് അടി (തൊണ്ണൂറ്റി ഒന്നു മീറ്റർ) ഉയരം. മുപ്പത്തിരണ്ടാം സ്ഥാനത്താണ് ഈ പാൽ വെളളച്ചാട്ടം.

കൊല്ലം തെങ്കാശി റോഡിലൂടെയോ തിരുവനന്തപുരം ചെങ്കോട്ട റോഡിലൂടെയോ കടന്നു പോകുമ്പോൾ ആര്യങ്കാവ് ഗ്രാമത്തിലെത്തുമ്പോഴാണ് പാലരുവി വെള്ളച്ചാട്ടം. കൊല്ലത്ത് നിന്നു എഴുപത്തഞ്ച് കി.മീറ്ററും തിരുവനന്തപുരം എയർപോർട്ടിൽ നിന്നും എഴുപത്തിരണ്ടു കി.മീറ്റർ അകലെയുമാണ് ഈ പാലാഴി. (പുനലൂരിൽ നിന്നും ചെങ്കോട്ടയിലേക്കുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതോടെ ഇവിടേക്കുള്ള യാത്ര ഒന്നു കൂടി എളുപ്പമായിട്ടുണ്ട്).


അപൂർവ്വ സസ്യങ്ങളും വൃക്ഷങ്ങളും ഒരുക്കുന്ന പരിസരങ്ങളിലൂടെ ഒഴുകി വരുന്ന മനോഹര ദൃശ്യം കാണാനും സ്‌നാനത്തിനും ഇതര സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്കൊഴുകുന്നു. വർഷത്തിൽ ഒരു ലക്ഷം പേരിൽ കുറയാത്ത സന്ദർശകർ എത്തുന്നുവെന്നാണ് മുൻ വർഷങ്ങളിലെ കണക്കുകൾ.


പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന്  സമീപവാസികളിൽ ഒരു വിശ്വാസവും നിലവിലുണ്ട്. ഉഷ്ണമേഖലാ ഉൾവനങ്ങളിലെ ഔഷധ സസ്യലതാദികളെ തഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ആയുർവേദ ഗുണമുണ്ടാകാമെന്നു ശാസ്ത്രീയ മുഖവും വിദഗ്ധർ നൽകുന്നുണ്ട്. സഹ്യപർവ്വത നിരകളിൽപ്പെട്ട രാജ കൂപ്പ് 
(റോസ് മല) മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറ് അടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നതു പോലെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ ജലപാതത്തിനു പാലരുവിയെന്ന പേരു വീണത്. മഞ്ഞു തേരി, കരി നാല്ലത്തിയേഴ്, രാജകൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപപ്പെടുന്നത്.


തിരുവിതാംകൂർ രാജവാഴ്ച കാലം മുതൽ തന്നെ ഒരു സുഖവാസ കേന്ദ്രമായിരുന്നു ഇവിടം. രാജ ഭരണ കാലത്ത് നായാട്ടിനും വിശ്രമത്തിനുമായി രാജാക്കന്മാർ ഇവിടെ എത്തിയിരുന്നു. രാജവാഴ്ചയുടെ ഭാഗമായി കരിങ്കല്ലിൽ തീർത്ത വിശ്രമ മണ്ഡപത്തിന്റെയും കുതിരാലയത്തിന്റെയും അവശേഷിപ്പുകൾ ഇപ്പോഴും ഇവിടെ കാണാം. 
കുതിരാലയത്തിന്റെ ഭിത്തികൾ മാത്രം ശേഷിക്കുമ്പോൾ മണ്ഡപം ഇപ്പോഴും ബാക്കിയായുണ്ട്. തൊണ്ണൂറ്റി നാലു വർഷം മുമ്പുണ്ടായ (കൊല്ലവർഷം 1099) വെള്ളപ്പൊക്കത്തിൽ പാലരുവി സ്‌നാന ഘട്ടം നശിച്ചതോടെ മറ്റിടങ്ങളിലേക്കു രാജാക്കന്മാർ ശ്രദ്ധ തിരിക്കുകയായിരുന്നുവെന്നു ചരിത്രം.


ഇപ്പോൾ സഞ്ചാരികളെ ദേശീയ പാതയിൽ നിന്നും വനം വകുപ്പിന്റെ വാഹനത്തിലാണ് അരുവിയിൽ എത്തിക്കുന്നതും തിരിച്ചു കൊണ്ടുവരുന്നതും. സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. രാവിലെ എട്ടു മുതൽ വൈകിട്ടു നാലു വരെയാണ് പ്രവേശനം. മുതിർന്നവർക്ക് നാൽപത് രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്ത്രീകൾക്കുള്ള പ്രത്യേക കുളിക്കടവ് ഉൾപ്പെടെ സുരക്ഷക്കു എല്ലാ സംവിധാനവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്ഥലത്ത് വാനരന്മാരുടെ സാന്നിധ്യവും വികൃതിയും ഉള്ളതിനാൽ കയ്യിൽ കരുതുന്ന ചെറിയ പൊതികൾ അടിച്ചു മാറ്റാതെ ശ്രദ്ധിക്കണം. 

Latest News