തിരുവനന്തപുരം - ക്രിമിനല്‍ പശ്ചാത്തലമുള്ള അതിഥി തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത് തടയുന്ന തരത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അതിഥി തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. കേരളം അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിരക്ഷ ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു. ആലുവയില്‍ അഞ്ചുവയസ്സുകാരി പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആലുവയില്‍ ഉണ്ടായത് മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാന്‍ സാധിക്കാത്തത്. ഭാവിയില്‍ ഇനി ഇത് മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അതിഥി തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാര്‍ ലേബര്‍ ഓഫിസില്‍ നിന്ന് ലൈസന്‍സ് എടുത്തിരിക്കണം. പുതുതായി ആരംഭിക്കുന്ന ആപ്പില്‍ അതിഥി തൊഴിലാളിയുടെ മുഴുവന്‍ വ്യക്തി വിവരങ്ങളും രേഖപ്പെടുത്തും. ക്യാമ്പുകളില്‍ ലേബര്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും ഐ ഡി കാര്‍ഡുകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ കൊലപാതകത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല, പ്രതിയെ പിടികൂടി, രാഷട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണം തരംതാണ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.