കോഴിക്കോട് - ബി ജെ പി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനായി പാര്‍ട്ടിയില്‍ പുതിയ ചുമതല നല്‍കി. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയോഗിച്ചിട്ടുള്ളത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തന്നെ പാര്‍ട്ടിയില്‍ തഴയുന്നത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എതിരെ ദേശീയ നേതൃത്വത്തോട് ശോഭാ സുരേന്ദ്രന്‍ പരാതി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമെതിരെ പരസ്യമായ വിമര്‍ശനങ്ങളുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശോഭാ സുരേന്ദ്രനെതിരെ നിലപാടെടുക്കുകയും അതിന്റെ പേരില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.