കൊച്ചി- മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വ്യഭിചാരവും അടിപിടിയും നിര്‍ബാധം നടക്കുന്ന ഒരു അനാശാസ്യ കേന്ദ്രമായി ആലുവ മാര്‍ക്കറ്റ് പരിസരം മാറിയിട്ട് നാളേറെയായി. പത്തു വര്‍ഷം മുമ്പ് ആലുവ മാര്‍ക്കറ്റ് പുനര്‍നിര്‍മിക്കുന്നതിനു വേണ്ടി പൊളിച്ചു മാറ്റിയ സ്ഥലത്ത് പുതിയ മാര്‍ക്കറ്റ് നിര്‍മിക്കാത്തതിന്റെ ഫലമായാണ് ഇവിടം ആലുവ നഗരത്തിലെ സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറിയത്.
സന്ധ്യ മയങ്ങുന്നതോടെ ഇരുട്ടിലാകുന്ന ഈ പ്രദേശത്ത് ഒരു വിളക്ക് പോലുമില്ല. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയാന്‍ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. സാമൂഹ്യ വിരുദ്ധരുടെ സൈ്വര്യവിഹാര കേന്ദ്രമായി ആലുവ മാര്‍ക്കറ്റ് മാറുകയായിരുന്നു. ആലുവ മാര്‍ക്കറ്റിനോട് ചേര്‍ന്ന ബസ് സ്്റ്റാന്റ് പരിസരവും റയില്‍വെ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി, ആശുപത്രി കവല തുടങ്ങിയ സ്ഥലങ്ങളിലും രാത്രിയായാല്‍ വ്യഭിചാരവും ലഹരി ഉപയോഗവും പിടിച്ചുപറിയും ഗുണ്ടാ ശല്യവുമുണ്ട്.
ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇത് പല തവണ നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് യാതൊരുവിധ മുന്‍കരുതല്‍ എടുക്കുന്നതിനു വേണ്ടി നഗരസഭ തയാറായില്ലെന്നും അതിന്റെ ദുരന്ത ഫലമാണ് അഞ്ചു വയസ്സുള്ള ചാന്ദിനി എന്ന പിഞ്ചുകുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.സലീം കുറ്റപ്പെടുത്തി. വ്യാപാരികളില്‍ നിന്ന് വാടകയും, നികുതിയും പിരിക്കുന്ന നഗരസഭ ആലുവയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് തയാറാകാതെ പുറംതിരിഞ്ഞ് നിന്നതാണ് ഇതുപോലൊരു ദുരന്തത്തിന് ഇടവരുത്തിയത്.
ഈ അരുംകൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്നും നഗരസഭക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും നഗരസഭക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നും വി.സലീം പറഞ്ഞു. തെരഞ്ഞെടുപ്പു വേളകളില്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം സംബന്ധിച്ച് പാഴ് വാഗ്ദാനങ്ങള്‍ നല്കി അതിനു വേണ്ടി യാതൊരു നടപടികളും നടത്താത്ത ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.