തിരുവനന്തപുരം - വ്യാജ ഏറ്റുമുട്ടലിനും മൃതദേഹം വിട്ടു കൊടുക്കാത്തതിനുമെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഗ്രോ വാസുവിനെതിരായ എഫ്.ഐ.ആർ റദ്ദ് ചെയ്ത് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
വ്യാജ ഏറ്റുമുട്ടലിനും മൃതദേഹം വിട്ടുകൊടുക്കാത്തതിനുമെതിരെ പ്രതിഷേധിച്ചതിനാണ് വാസുവേട്ടനെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്. 94 വയസ്സുള്ള ഒരു വയോധികനെ, അതും ഒരായുസ്സ് മുഴുവൻ സമൂഹത്തിനായി സമർപ്പിച്ച പൊതുപ്രവർത്തകനെ, കേരളത്തിലെ ഇടതുഭരണകൂടം പിറകെ കൂടി വേട്ടയാടുന്നതിനെ നാം എന്താണ് വിളിക്കേണ്ടതെന്ന് റസാഖ് പാലേരി ചോദിച്ചു.
നിലമ്പൂരിൽ നടന്ന 'ഏറ്റുമുട്ടലി'ലാണ് കുപ്പു ദേവരാജൻ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടൽ വ്യാജമാണെന്ന് അന്ന് തന്നെ വ്യക്തമായതാണ്. അതിന് ശേഷം കുപ്പു ദേവരാജന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തതും വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
സമരതീക്ഷ്ണതയുടെ മനുഷ്യായുസ്സിന് കേരളം വിളിക്കുന്ന ചുരുക്കപ്പേരാണ് ഗ്രോ വാസുവെന്ന് റസാഖ് പാലേരി പറഞ്ഞു.