തിരുവനന്തപുരം- ആലുവയിൽ അഞ്ചുവയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മകളേ മാപ്പ് എന്നെഴുതി കേരള പോലീസ് ആദരാഞ്ജലി പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് എതിരെ രൂക്ഷമായ പ്രതികരണമാണ് പലകോണുകളിൽനിന്നും ഉയർന്നത്. പോലീസ് അവരുടെ കൃത്യനിർവഹണം നടത്താതെ വെറും ആദരാഞ്ജലി പോസ്റ്റുകളിടുകയാണെന്നായിരുന്നു വിമർശനം. എന്നാൽ പോലീസ് കൃത്യമായ ജോലി നിർവഹിച്ചിട്ടുണ്ടെന്നും ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന വിശദീകരണവുമായി പോലീസ് രംഗത്തെത്തി.
കണ്ണീർപ്പൂക്കളപ്പോലും കൂരമ്പുകളാക്കുന്നവരോട് എന്ന തലവാചകത്തിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ മറുപടി കുറിപ്പിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.
ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു പരമാവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത് എന്ന വിശദീകരണമാണ് പോലീസ് നൽകിയത്.
'മകളേ മാപ്പ്. ചാന്ദിനിയെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി' എന്ന ഫോട്ടോ കുറിപ്പോടെയാണ് കേരള പോലീസ് തങ്ങളുടെ വികാരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിലെന്നും രേഖപ്പെടുത്തിയ പോസ്റ്റില്‍ ചാന്ദിനിക്കായി ഒരു റോസാപ്പൂവും വെച്ചിരുന്നു.
ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ ആറുവയസ്സുകാരി ചാന്ദിനിയെ വെള്ളിയാഴ്ച വൈകിട്ടാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ രണ്ടു ദിവസം മുന്‍പു താമസിക്കാനെത്തിയ അസം സ്വദേശി അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.