Sorry, you need to enable JavaScript to visit this website.

മുംബൈ ആര്‍ച്ച് ബിഷപ്പ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല, ആഹ്ലാദിച്ച് ബി.ജെ.പി

കോഴിക്കോട് - മുംബൈ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്  പ്രഖ്യാപിച്ചാല്‍ അത് കത്തോലിക്കാ നയമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു.
അദ്ദേഹം മണിപ്പൂര്‍ വിഷയത്തില്‍ പറഞ്ഞത് ഗോത്ര വര്‍ഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും
മതപരമായി ചിത്രീകരിക്കരുതെന്നുമാണ്. ഇരുമുന്നണികളോടും പറയാനുള്ളത്, ഇനിയെങ്കിലും മതം പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തമ്മില്‍ തല്ലിക്കരുതെന്നാണ്.
പക്വത പാലിക്കേണ്ട സാമാജികന്‍ സ്പീക്കര്‍ ആണ്. വിശ്വാസം ശാസ്ത്രീയമായിരിക്കണം എന്ന് ഭരണഘടനയില്‍  എവിടെയാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പാഠപുസ്തകത്തില്‍ വിശ്വാസവും ശാസ്ത്രവും പഠിപ്പിക്കുന്നത് കൊണ്ട് തെറ്റില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിനെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് മത്സരിക്കും. അത് നേമം മോഡലിലായിരിക്കും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്നും ജോര്‍ജ്് കുര്യന്‍ പറഞ്ഞു.
സി.പി.എമ്മും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ തന്ത്രത്തില്‍ കുടുങ്ങാതെ ജനങ്ങള്‍ തിരിച്ചറിയണം.
സംസ്ഥാനത്തെ ജനങ്ങളെ യാഥാര്‍ഥ്യത്തില്‍ നിന്നും വഴിതിരിച്ചു വിടുകയാണ്. ഇരുമുന്നണികളും കപട മതേതരത്വം അവസാനിപ്പിക്കണം.
ലോകത്തെവിടെയും സ്വന്തം ആളുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഭരണാധികാരികള്‍ പ്രതികരിക്കാറില്ല.
യുവമോര്‍ച്ചയുടെത് സ്വാഭാവിക പ്രതികരണം മാത്രം, അടികിട്ടുമ്പോള്‍ ആരായാലും എഴുന്നേല്‍ക്കും.
ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍, സംസ്ഥാന കമ്മറ്റി അംഗം കെ.നാരായണന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News