ജിദ്ദ - സൗദിയില്‍ ചൈനീസ് കാറുകളുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ സൗദി വനിതകളാണെന്ന് കാര്‍ മേഖലാ വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ 26,156 ചൈനീസ് കാറുകള്‍ വില്‍ക്കപ്പെട്ടതായാണ് കണക്ക്. സൗദി വനിതകള്‍ക്ക് അനുയോജ്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ നല്‍കുന്ന ചൈനീസ് കാറുകളുടെ വിലകള്‍ വനിതകള്‍ക്ക് താങ്ങാവുന്ന റെയ്ഞ്ചിലാണെന്ന് മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ മബ്‌റൂക് മുഹമ്മദ് മബ്‌റൂക് പറഞ്ഞു. 2018 മധ്യം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം സൗദിയില്‍ 11,000 കോടി റിയാല്‍ വില വരുന്ന കാറുകള്‍ വില്‍ക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. വരും വര്‍ഷങ്ങളില്‍ വാഹന വിപണിയില്‍ 4.9 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
സൗദി വനിതകളെ ലക്ഷ്യമിട്ട് ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ വനിതകള്‍ക്ക് അനുയോജ്യമായ എല്ലാം ലഭ്യമാക്കുന്നു. മികച്ച വിലയില്‍ നിരവധി വിനോദ സവിശേഷതകളും സുരക്ഷാ സജ്ജീകരണങ്ങളും ചൈനീസ് കാര്‍ കമ്പനികള്‍ നല്‍കുന്നു. വ്യത്യസ്ത ഇനം ചൈനീസ് കാറുകള്‍ക്ക് 35,000 റിയാല്‍ മുതല്‍ ഒരു ലക്ഷത്തിലേറെ റിയാല്‍ വരെയാണ് വില.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ സൗദിയില്‍ ചൈനീസ് കാറുകളുടെ വില്‍പന 23 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ രാജ്യത്ത് 21,258 ചൈനീസ് കാറുകളാണ് വില്‍ക്കപ്പെട്ടത്. ഈ കൊല്ലം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 26,156 ചൈനീസ് കാറുകള്‍ വില്‍ക്കപ്പെട്ടു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ചന്‍ഗന്‍ കമ്പനിയുടെ 8,011 ഉം എം.ജിയുടെ 7,564 ഉം ഗീലി കമ്പനിയുടെ 6,827 ഉം ഹാവല്‍ കമ്പനിയുടെ 2,554 ഉം ജി.ഡബ്ലിയു കമ്പനിയുടെ 1,200 ഉം കാറുകളാണ് സൗദിയില്‍ വില്‍ക്കപ്പെട്ടത്. ചൈനീസ് കാര്‍ വില്‍പനയുടെ 30.63 ശതമാനം ചന്‍ഗന്‍ കമ്പനിയുടെയും 28.92 ശതമാനം എം.ജി കമ്പനിയുടെയും 26.1 ശതമാനം ഗീലി കമ്പനിയുടെയും 9.76 ശതമാനം ഹാവല്‍ കമ്പനിയുടെയും 4.59 ശതമാനം ജി.ഡബ്ലിയു കമ്പനിയുടെയും വിഹിതമാണ്.
സൗദിയില്‍ ചന്‍ഗന്‍ കാറുകളുടെ പകുതി ഉപയോക്താക്കളും വനിതകളാണെന്ന് മധ്യപൗരസ്ത്യദേശത്തെ ചൈനീസ് കാറുകളുടെ അംഗീകൃത വിതരണക്കാരനായ ഹുസൈന്‍ അല്‍ബശ്‌റാവി പറയുന്നു. 2022 ല്‍ 1,065 കാറുകളാണ് തങ്ങളുടെ ഏജന്‍സി വില്‍പന നടത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 672 കാറുകളും തങ്ങളുടെ ഏജന്‍സി വില്‍പന നടത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച വില്‍പനയാണ് ഈ വര്‍ഷം തങ്ങള്‍ ലക്ഷ്യമിടുന്നത്. സൗദിയില്‍ പതിനെട്ടിലേറെ കമ്പനികളുടെ കാറുകള്‍ വില്‍പനക്കുണ്ട്. കാര്‍ വില്‍പനയില്‍ മൂന്നാം സ്ഥാനത്ത് ചന്‍ഗന്‍ കാറുകളാണ്.