ചെന്നൈ - ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവെച്ച് തമിഴ്‌നാട്ടിലെ വനത്തിലേക്ക് കൊണ്ടുപോയ അരിക്കൊമ്പന്‍ കോതയാറില്‍ കൂട്ടുകാരോടൊപ്പം സുഖമായി കഴിയുന്നുവെന്ന് വനംവകുപ്പ്. പുതിയ കൂട്ടുകാരെ കിട്ടിയതോടെ അവരുമായി വേഗം ഇണങ്ങി, ഇപ്പോള്‍ അവരോടൊപ്പമാണ് കാട്ടില്‍ കഴിയുന്നത്. രണ്ടു കുട്ടിയാനകളുള്‍പ്പെടെ പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പന്റെ വാസം. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്‌നാട് വനംവകുപ്പ് വെട്ടിക്കുറച്ചിട്ടുണ്ട്. നാല് മാസം മുന്‍പ് ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് നാടുകടത്തിയപ്പോള്‍ കാട്ടില്‍ എതെങ്കിലും സ്ഥലത്ത് നിലയുറപ്പിക്കാതെ അലഞ്ഞു നടക്കുകയായിരുന്നു പതിവ്. എന്നാല്‍ പുതിയ കൂട്ടുകാരെ കിട്ടിയതോടെ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ കോതയാറില്‍ തന്നെ തുടരുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായുളള അഗസ്ത്യാര്‍കൂടത്തിലാണ് കോതയാര്‍ വനമേഖല. ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് അരിക്കൊമ്പന്‍ ഇറങ്ങാനുളള സാധ്യത തമിഴ്‌നാട് വനംവകുപ്പ് തളളിക്കളയുന്നില്ല. കോതയാറില്‍ പുല്ല് തിന്ന് നില്‍ക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ നേരത്തെ തമിഴ്‌നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു.