Sorry, you need to enable JavaScript to visit this website.

മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്നത്-വെൽഫെയർ പാർട്ടി

ഇടതുസർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മണ്ഡലംതല പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ സെക്രട്ടറി നൗഷാദ് ചുള്ളിയൻ നിർവഹിക്കുന്നു.

മലപ്പുറം- കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻമാറണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുന്നത് തന്നെ ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്ന വാഗ്ദാനം നൽകിയാണ്. എന്നാൽ പൂട്ടിയ ഔട്ട്‌ലെറ്റുകൾ തന്നെ തുറക്കാൻ ഇടതു സർക്കാർ ഇപ്പോൾ നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനവും ജനങ്ങളോടുള്ള വഞ്ചനയുമാണ്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ ദിനംതോറും പെരുകുന്ന നാടാണിന്ന് കേരളം. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിപ്പെട്ടവരാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ മദ്യവിമുക്തിക്കും ലഹരി വിരുദ്ധതക്കും നേതൃത്വം നൽകി ജാഗ്രത പാലിക്കേണ്ട ഭരണകൂടം ലഹരി ലഭ്യത വർധിപ്പിക്കുന്നതിലൂടെ യുവത്വത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ തന്നെ ക്രയശേഷിയെ നശിപ്പിക്കുകയാണ്. ലഹരി വർജനമെന്ന പേരിൽ സർക്കാർ നടത്തുന്ന പരിപാടികൾ വെറും പ്രഹസനമാണെന്ന് തെളിയിക്കുന്നതാണ് പുതിയ നടപടി. സർക്കാർ ഖജനാവിന്റെ വരുമാന വർധനവ് മാത്രം ലക്ഷ്യം വച്ച് നാട്ടിൽ സുലഭമായി മദ്യമൊഴുക്കാനുള്ള സർക്കാർ നീക്കം തെരുവിൽ ചോദ്യം ചെയ്യപ്പെടണമെന്നു  വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് മദ്യ മുതലാളിമാർക്ക് നൽകിയ വാഗ്ദാനങ്ങളേക്കാൾ വലുതാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 
സമൂഹത്തിന്റെ സുരക്ഷിതത്വമെന്ന് ഉത്തരവാദപ്പെട്ടവർ മനസിലാക്കണം. നൂതനമായ വരുമാന സ്രോതസുകൾ കണ്ടെത്തി വികസിപ്പിച്ച് കൊണ്ടുവരേണ്ടതിന് പകരം ജനങ്ങളെ കുടിപ്പിച്ച് കിടത്തി നാടുഭരിക്കുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണെന്നും ഇതിൽ നിന്നു പിൻമാറാൻ സർക്കാർ തയാറാകണമെന്നും പാർട്ടി  ആവശ്യപ്പെട്ടു.
സർക്കാരിന്റെ മദ്യനയത്തിനെതിരെ മണ്ഡലം തലങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കാനും തീരുമാനിച്ചു. മണ്ഡലം തല പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ നിർവഹിച്ചു.

 

Latest News