തൊടുപുഴ-തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിനടുത്തുളള കവലയിൽ കട നടത്തുന്ന രാജേഷിന് രാവിലത്തെ പത്രത്തിൽ ഒരു പടം കണ്ടപ്പോൾ സംശയം. ഇത് ഇവിടെ സ്ഥിരം വരുന്ന നൗഷാദ് തന്നെയല്ലേ. അപ്പോൾ തന്നെ ഇക്കാര്യം രാജേഷ് ബന്ധുവും തൊടുപുഴ ഡി വൈ. എസ് .പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറുമായ കെ ജയ്‌മോനെ ഫോണിൽ അറിയിച്ചു. ജയ്‌മോൻ ദ്രുതഗതിയിൽ നടത്തിയ നീക്കങ്ങളിലാണ് കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് ഭാര്യ കുറ്റസമ്മതം നടത്തിയ പത്തനംതിട്ട കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ (36) ജീവനോടെ കണ്ടെത്തിയത്.
കുഴിമറ്റത്തെ ബേബി വർഗീസിന്റെ (സന്തോഷിന്റെ) തോട്ടത്തിൽ ജോലിചെയ്യുന്ന ആളാണെന്ന് സംശയമുണ്ടെന്ന് കൂടി രാജേഷ് പറഞ്ഞിരുന്നു. അപ്പോൾ തന്നെ ജയ്‌മോൻ കുഴിമറ്റത്തിന് പുറപ്പെട്ടു. അതിന് മുമ്പ് നൗഷാദ് എന്നൊരാൾ ജോലിക്കാരനായുണ്ടോ എന്ന് സന്തോഷിനെ വിളിച്ച് ഉറപ്പാക്കി. ഓട്ടോറിക്ഷയോ കാറോ ചെന്നെത്താൻ പാടുള്ള സ്ഥലമാണ് കുഴിമറ്റം. രണ്ട് കിലോമീറ്ററിലേറെ കാടിനുള്ളിലൂടെ സഞ്ചരിക്കണം. അവിടെയെത്തി സന്തോഷിനോട് ചോദിച്ചപ്പോൾ നൗഷാദ് ഭക്ഷണവും കഴിച്ച് പണിക്ക് പറമ്പിലേക്ക് പോയെന്ന് അറിഞ്ഞു. ഇയാളെയും കൂട്ടിയാണ് പറമ്പിലെത്തി നൗഷാദിനെ തിരിച്ചറിഞ്ഞതും ഉറപ്പിച്ചതും. നാടിനെ ഇളക്കിമറിച്ചു കൊണ്ടിരിക്കുന്ന തന്നെക്കുറിച്ചുള്ള വാർത്തകൾ നൗഷാദ് അപ്പോഴാണ് അറിയുന്നത്.
നൗഷാദ് ആണെന്ന് തിരിച്ചറിഞ്ഞ ഉടൻ ജയ്‌മോൻ തൊടുപുഴ ഡിവൈഎസ്പി മധുബാബുവിനെയും കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തരെയും അറിയിച്ചു. 9.30ഓടെ നൗഷാദിനെയും സന്തോഷിനെയും സ്റ്റേഷനിലെത്തിച്ചു. 11.30ഓടെയാണ് വാർത്ത മെല്ലെ പുറത്തായത്. 12 മണിയോടെ മാധ്യമ സംഘം ഡി വൈ .എസ് .പി ഓഫീസിലെത്തി. പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് രണ്ട് വർഷം മുമ്പാണ് നൗഷാദിനെ കാണാതായത്. നൗഷാദിനെ കൊന്ന് കുഴിച്ച് മൂടിയെന്ന് കുറ്റം ഏറ്റു പറഞ്ഞ് ഭാര്യ അഫ്സാന റിമാന്റിലാണ്. നാല് മണിയോടെ കേസ് അന്വേഷിക്കുന്ന പത്തനംതിട്ട കൂടൽ സി. ഐ അടങ്ങുന്ന പോലീസ് സംഘം നൗഷാദിനെ കൊണ്ടുപോയി.
ചിത്രം- ജോലി ചെയ്തിരുന്ന തൊമ്മൻകുത്തിലെ തോട്ടത്തിൽ നൗഷാദ്