കോഴിക്കോട് - മായം ചേര്‍ത്ത ശര്‍ക്കര വിറ്റ കേസില്‍ കട ഉടമയ്ക്കെതിരെ രണ്ട് ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. താമരശ്ശേരിയിലെ റോയല്‍ ബിഗ് മാര്‍ട്ട് എന്ന സ്ഥാപനത്തിനാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴ ശിക്ഷ വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിന്‍ ബി എന്ന വസ്തു ചേര്‍ത്ത ശര്‍ക്കര വിറ്റതിനാണ് ശിക്ഷ. 2020 ജനുവരി 11 നാണ് മായം ചേര്‍ത്ത ശര്‍ക്കര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്. കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കരയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ചിരുന്നു. സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി വിഭാഗം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.