തിരുവനന്തപുരം - ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ നയിക്കുന്നത് അഴിമതിയും പണക്കൊതിയുമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പാല്‍മാരുടെ നിയമനത്തില്‍ മന്ത്രി ആര്‍. ബിന്ദു ഇടപെടല്‍ നടത്തിയെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം രംഗം മുഴുവന്‍ നിയന്ത്രിക്കുന്നതും നിയമനങ്ങള്‍ നടത്തുന്നതും സി പി എമ്മാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും എ കെ ജി സെന്ററില്‍ നിന്നും ആളുകളെ നിയമിക്കുന്ന ഒരിടമാക്കി മാറ്റി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അവര്‍ പഠിപ്പിച്ച കോളേജില്‍ നേരത്തെ പ്രിന്‍സിപ്പാളായി. നിയമനം ലഭിച്ചത് ഇത്തരം നീക്കങ്ങളിലൂടെയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്നത് തെറ്റായ മാധ്യമ വാര്‍ത്തകളാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷ്യല്‍ റൂള്‍സ് നിബന്ധനകള്‍ ലംഘിക്കുന്നതിനോ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പി എസ ്സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് തള്ളില്ലെന്നും മന്ത്രി പറഞ്ഞു.