തൃശൂര്‍- യൂണിയനില്‍ ചേര്‍ന്ന നഴ്‌സുമാരെ പിരിച്ചുവിട്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ച നഴ്‌സുമാരെ മര്‍ദ്ദിച്ചതോട തൃശൂര്‍ ജില്ലയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. തൃശൂര്‍ ജില്ലയിലാണ് നഴ്‌സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യു. എന്‍. എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ അറിയിച്ചു.
നഴ്‌സുമാരെ മര്‍ദിച്ച നൈല്‍ ആശുപത്രി എം. ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നഴ്‌സുമാരുടെ സംഘടനയായ യു. എന്‍. എയില്‍ അംഗമായതിന് പിന്നാലെ ആറു നഴ്‌സുമാരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ടുവെന്നാണ് ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ നഴ്‌സുമാര്‍ പ്രതിഷേധം ആരംഭിച്ചതോടെ ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.
എന്നാല്‍ നഴ്‌സുമാരും ഡോക്ടര്‍മാരും തമ്മിലുള്ള ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. തുടര്‍ന്ന ഗര്‍ഭിണിയായ സ്റ്റാഫ് നഴ്‌സ് ലക്ഷ്മിയെ ഡോ. അലോക് ചവിട്ടിയെന്നാണ് നഴ്‌സുമാരുടെ ആരോപണം. ചവിട്ടേറ്റതിനെ തുടര്‍ന്ന് ലക്ഷ്മി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മറ്റ് ചില നഴ്‌സുമാര്‍ക്ക് അടിയേറ്റെന്നും ഇവരും ചികിത്സയിലാണെന്നും വിവരമുണ്ട്.