(പൊന്നാനി ) മലപ്പുറം - പൊന്നാനി ജെ.എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന അധ്യാപികയായ ആലിങ്ങൽ സുലൈഖ(36)യെ തലക്കടിച്ചു കൊന്ന കേസിൽ ഭർത്താവിനെ പോലീസ് വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയർ തന്നെ നൽകണമെന്ന് മക്കൾ പ്രതികരിച്ചു.
തെളിവെടുപ്പിനിടെ സങ്കടം സഹിക്കാനാവാതെ മൂന്ന് കുട്ടികളും വിങ്ങിപ്പൊട്ടിയത് ബന്ധുക്കളുൾപ്പെടെ കണ്ടുനിന്നവരിലും രോഷം കനപ്പിച്ചു.സുലൈഖ കൊലക്കേസിലെ പ്രതി ഭർത്താവ് യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നും എത്തിയതിന്റെ അടുത്ത ദിവസം കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽനിന്ന് ഇറങ്ങിവന്ന ഭാര്യയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വൻ സന്നാഹത്തോടെയാണ് പോലീസ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ഭാര്യയെ കൊന്നതിന്റെ വിശദാംശങ്ങൾ യൂനുസ് കോയ പോലീസിനോട് വിശദീകരിക്കുമ്പോൾ വൻ പ്രതിഷേധമാണുയർന്നത്.
സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്നാണ് പറയുന്നത്. പലപ്പോഴായി ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുറെ വർഷമായി ഇവർ അകന്നാണ് കഴിഞ്ഞിരുന്നത്. കുറച്ചു മുമ്പ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ച് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയെങ്കിലും നാട്ടുകാർ ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന പ്രതി മൂന്നുവർഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. നാട്ടിലെത്തി എണ്ണപ്പെട്ട മണിക്കൂറുകൾ കൊണ്ടാണ് യൂനുസ് കോയ ആസൂത്രിതമായി ഭാര്യയുടെ ജീവനെടുത്തത്. കൊലയ്ക്കുശേഷം വീടിന് സമീപത്തെ കനോലി കനാൽ വഴി നീന്തി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഹൈദരാബദിൽനിന്നാണ് പ്രതിയെ പിടികൂടിയത്.