പത്തനംതിട്ട - ഭാര്യ കൊലപ്പെടുത്തിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ പോലീസ് ജീവനോടെ കണ്ടെത്തി. തൊടുപുഴയില്‍ നിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ കോന്നി പോലീസ് സ്‌റ്റേഷനിലെത്തിക്കും.. താനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം ഭാര്യ അഫ്‌സാന പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫ്‌സാനയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. വാടക വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നും മൊഴി നല്‍കിയിരുന്നു. പോലീസ് പറമ്പ് കിളച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. അഫ്‌സാനയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനിരിക്കെയാണ് നൗഷാദിനെ കണ്ടെത്തിയത്. താന്‍ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് എന്തിന് വേണ്ടിയാണ് അഫ്‌സാന പോലീസിന് മൊഴി കൊടുത്തതെന്നതിനെക്കുറിച്ചുള്ള ദുരൂഹത തുടരുകയാണ്
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്‌സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞു. വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നായിരുന്നു മൊഴി. ഇതിന്റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഇന്ന് ജീവനോടെ നൗഷാദിനെ കണ്ടെത്തിയത്.