നൗഷാദിന്റെ തിരോധാനം; സത്യം തെളിയാൻ കൂടുതൽ പേരെ ചോദ്യം ചെയ്യണമെന്ന് പിതാവ് അഷ്റഫ്

പത്തനംതിട്ട-പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അഫ്‌സാനയാണ് കൊലപ്പെടുത്തിയതെങ്കില്‍ അത് ഒറ്റയ്ക്ക് ചെയ്യില്ലെന്ന് നൗഷാദിന്റെ പിതാവ് അഷ്‌റഫ് പറഞ്ഞു. ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ലല്ലോ. പിറകില്‍ ആളു കാണും. അവരുടെ രക്ഷകര്‍ത്താക്കളെയും ചോദ്യം ചെയ്യണം. നൗഷാദിന് എന്തു പറ്റിയെന്ന് അറിയണം. നൗഷാദിനെ കാണാതായതിന് ശേഷം അഫ്‌സാനയുടെ വീട്ടുകാര്‍ വിളിച്ചിട്ടൊന്നുമില്ല. അവരുടെ സഹകരണം ഇല്ല. സത്യം തെളിയണമെങ്കിൽ കൂടുതൽ പേരെ ചോദ്യം ചെയ്യണമെന്നും അഷ്‌റഫ് പറഞ്ഞു

കേസില്‍ അറസ്റ്റിലായ അഫ്‌സാന പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്. നൗഷാദിനെ കൊലപ്പെടുത്തിയെന്നും, മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം മാറ്റിയെന്നുമാണ് പുതിയ മൊഴി. എന്നാല്‍ ഇത് എവിടേക്കാണെന്ന് അഫ്‌സാന വെളിപ്പെടുത്തിയില്ല.

മൃതദേഹം സുഹൃത്ത് പെട്ടി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയതായും അഫ്‌സാന പറയുന്നുണ്ട്. ഞാന്‍ ചെയ്തതാണ്, ചെയ്തുപോയി എന്നതു മാത്രമാണ് അഫ്‌സാന പറയുന്നത്. എന്തു ചെയ്തു, എവിടെയാണ് എന്നൊന്നും പറയുന്നില്ല. അതിനുശേഷം അയാളെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. അതിനുശേഷമുള്ള കാര്യങ്ങളൊന്നും അറിയില്ലെന്നും അഫ്‌സാന ആവര്‍ത്തിക്കുകയാണ്.

അഫ്‌സാന മുമ്പ് പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. അതേസമയം ദമ്പതികള്‍ താമസിച്ചിരുന്ന പരുത്തിപ്പാറയിലെ വീടിന് സമീപത്തു നിന്നും നൗഷാദിന്റെ രക്തം പുരണ്ട കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. 

 

Latest News