തിരുവനന്തപുരം - അഞ്ചുതെങ്ങ് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ജൂലായ് 18 ന് രാവിലെ കരയ്ക്കടിഞ്ഞ മൃതേദഹം തെരുവ് നായ കടിച്ചുവലിച്ചപ്പോഴാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. മാമ്പള്ളി സ്വദേശി ജൂലിയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പ്രസവിച്ച ഉടന്‍ ജൂലി കുട്ടിയെ കടലിലേക്ക് വലിച്ചെറിയുകയാണുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ജൂലിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കരയ്ക്കടിഞ്ഞ മൃതദേഹം തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും ഇവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു. ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്.