കൊച്ചി- നേതാക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ എസ്.ഡി.പി.ഐ ഹർത്താൽ ഭീഷണി മുഴക്കി നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചതെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. അഭിമന്യുവിനെ കൊല ചെയ്ത സംഘത്തിലുണ്ടായിരുന്നവരെക്കുറിച്ച് മാത്രമല്ല, ആക്രമണത്തിന് ആരാണ് നിർശേദം നൽകിയതെന്നടക്കം കണ്ടെത്തേണ്ടതുണ്ട്. അതിന്റെ അന്വേഷണത്തിലാണ് പൊലീസ്. കൃത്യത്തിൽ പങ്കെടുത്തവരടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. ഇനിയും പ്രധാന പ്രതികളടക്കം അറസ്റ്റിലാകാനുണ്ട്. പ്രതികളെ കണ്ടെത്താൻ ആരെയും കസ്റ്റഡിയിലെടുക്കാനോ, ചോദ്യം ചെയ്യാനോ പാടില്ല എന്ന നിലപാടിൽ നിന്നാണ് എസ്.ഡി.പി.ഐ ഹർത്താലിന് ആഹ്വാനം നൽകിയത്. ഇത് നിയമവാഴ്ചയിലുള്ള കടന്നു കയറ്റമാണ്. അഭിമന്യു വധം സബന്ധിച്ച് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ യഥാർത്ഥ തീവ്രവാദമുഖം തെളിയുമെന്ന ഭയമാണ് ഇതിന് പിന്നിൽ. എസ്.ഡി.പി.ഐ നീക്കത്തെ ഒരു കാരണവശാലും പ്രബുദ്ധകേരളം അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പ്രസ്താവനയിൽ വ്യക്തമാക്കി.