Sorry, you need to enable JavaScript to visit this website.

സർക്കാരും സി.പി.എമ്മും വർഗീയ ചേരിതിരിവ്  സൃഷ്ടിക്കുന്നെന്ന് എസ്.ഡി.പി.ഐ

കൊച്ചി- മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല ചെയ്യപ്പെട്ടതിന്റെ പേരിൽ സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി അറസ്റ്റിന് തൊട്ടു മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യഥാർഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം മുസ്‌ലിം സമുദായ വേട്ടയാണ് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ പോലീസ് നടത്തുന്നത്. കേരളത്തിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ നിരവധി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ പേരിലുണ്ടായ ഒരു കൊലപാതകത്തെ വർഗീയമെന്ന് വിശേഷിപ്പിക്കുന്നത് ഇതാദ്യമാണ്. സി.പി.എമ്മിന്റെ സമീപനത്തിൽ ഒളിഞ്ഞിരിക്കുന്ന വർഗീയതയാണിതിന് പിന്നിൽ. നൂറുകണക്കിന് സി.പി.എം- ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവർത്തകരുടെ കൊലപാതക കേസുകളിൽ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ പ്രതികളായിട്ടുണ്ട്. അപ്പോഴൊന്നും കാണാത്ത വിധത്തിലാണ് സി.പി.എം ഇപ്പോൾ വർഗീയതക്കെതിരെ ക്യാമ്പെയ്ൻ നടത്തുന്നത്. 
അഭിമന്യുവിന്റെ കൊലപാതകത്തെ പാർട്ടി അപലപിക്കുകയും അതുമായി ബന്ധമുള്ളവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനെ തടസപ്പെടുത്തുന്ന ഒരു പ്രവൃത്തിയും എസ്.ഡി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാൽ രാഷ്ട്രീയ ദുഷ്ടലാക്കോടെയും വർഗീയ മുൻവിധിയോടെയും എസ്.ഡി.പി.ഐയെ സി.പി.എമ്മും പോലീസും വേട്ടയാടുകയാണെന്ന് ഫൈസി പറഞ്ഞു.
 

Latest News