Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ട കണ്ടത്  അര നൂറ്റാണ്ടിനിടയിലെ വലിയ പ്രളയം

വടക്കേക്കര കോസ്‌വേ പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ.

ഈരാറ്റുപേട്ട - കനത്ത മഴയെ തുടർന്ന് ഇന്നലെ ഈരാറ്റുപേട്ടയിലുണ്ടായത് അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയമെന്ന് പഴമക്കാർ. ഒരാഴ്ചയായി തുടരുന്ന കനത്ത മഴ ഈരാറ്റുപേട്ടയിൽ മാറി നിന്നെങ്കിലും കിഴക്കൻ മേഖലയിൽ ഉരുൾ പൊട്ടി മീനച്ചിലാറിന്റെ കൈവഴികളായ പൂഞ്ഞാർ, തീക്കോയി ആറുകളിലൂടെ നിറഞ്ഞൊഴുകിയെത്തിയ വെള്ളം ഈരാറ്റുപേട്ടയെ വെള്ളത്തിൽ മുക്കുകയായിരുന്നു. 


നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറിയതിനാൽ ഈരാറ്റുപേട്ട നഗരം ഒറ്റപ്പെട്ടു. ഈരാറ്റുപേട്ട-വാഗമൺ, ഈരാറ്റുപേട്ട-പാലാ, ഈരാറ്റുപേട്ട - തൊടുപുഴ റോഡുകളിൽ വെള്ളം കയറിയതിനാൽ ഏറെ സമയം ഗതാഗതം നിലച്ചു. കാഞ്ഞിരപ്പള്ളി റോഡിലും പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ഉച്ചയോടെ വെള്ളം ഇറങ്ങിയതിനാൽ തൊടുപുഴയിലേക്കും വാഗമണ്ണിലേക്കും ഗതാഗതം പുനഃസ്ഥാപിച്ചു.
മീനച്ചിലാറ്റിൽ വെള്ളം നിറഞ്ഞതോടെ ആറ്റിലേക്ക് വന്ന് ചേരുന്ന തോടുകളിലും വെള്ളം ഉയർന്ന് മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളിലും കടകളിലും ആരാധനാലയങ്ങളിലുമുൾപ്പെടെ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നിരവധി വാഹനങ്ങളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. 


നഗരത്തിൽ വൈദ്യുതി വിതരണവും നിലച്ചു.
വെള്ളം കയറി സാധന സാമഗ്രികൾ നശിക്കുന്നത് തടയാൻ യുവാക്കളുടെ സംഘം കൂട്ടമായി രംഗത്തിറങ്ങിയത് നിരവധി പേർക്ക് ആശ്വാസമായി. ഇത്തരത്തിൽ നിരവധി സംഘങ്ങളെ പ്രദേശത്തെങ്ങും കാണാമായിരുന്നു. അതിനിടെ, തങ്ങളുടെ ജീവിത കാലത്ത് ആദ്യമായി വന്ന വലിയ പ്രളയം ആഘോഷമാക്കാൻ കൗമാരക്കൂട്ടങ്ങളും രംഗത്തെത്തിയിരുന്നു. 

 

Latest News