Sorry, you need to enable JavaScript to visit this website.

അബ്ശ്‌റിൽനിന്ന് നാഷണൽ അഡ്രസ് എങ്ങനെ പ്രിന്റ് ചെയ്യാം

അബ്ശ്‌റിൽനിന്ന് നാഷണൽ അഡ്രസ് എങ്ങനെ പ്രിന്റ് ചെയ്യാം

ചോദ്യം: അബ്ശിർ അക്കൗണ്ടിൽനിന്ന് എന്റെ നാഷണൽ അഡ്രസ് എങ്ങനെയാണ് പ്രിന്റ് ചെയ്യാനാവുക?

ഉത്തരം: സൗദി അറേബ്യക്ക് അകത്തു ജീവിക്കുന്ന വിദേശികൾക്ക് അവരുടെ നാഷണൽ അഡ്രസ് വിവരങ്ങൾ അബ്ശിറിൽനിന്ന് വളരെ എളുപ്പം പ്രിന്റ് ചെയ്യാം. അബ്ശിർ അക്കൗണ്ട് തുറന്ന ശേഷം മൈ സർവീസിൽ പോവുക. തുടർന്ന് സർവീസ് സെലക്ട് ചെയ്താൽ ജനറൽ സർവീസസിൽ നാഷണൽ അഡ്രസ് കാണാനാവും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അഡ്രസ് ലഭ്യമായിരിക്കും. അതിന്റെ കോപ്പി പ്രിന്റ് ചെയ്യാനുമാവും. 
പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയതിനെത്തുടർന്ന് നാഷണൽ അഡ്രസ് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള സൗകര്യവും അബ്ശിറിൽ ലഭ്യമാണ്. പുതിയ സ്ഥലത്തെ ലൊക്കേഷൻ അനുസരിച്ച് അബ്ശിറിലെ അഡ്രസിൽ മാറ്റം വരുത്താം. 

അബ്ശിറിൽ മൊബൈൽ നമ്പർ മാറ്റി നൽകൽ

ചോദ്യം: അബ്ശിറിൽ എന്റെ മൊബൈൽ നമ്പർ മാറ്റി നൽകുന്നതിന് ജവാസാത്തിൽ പോകേണ്ടതുണ്ടോ? അതോ അബ്ശിർ അക്കൗണ്ട് വഴി മാറ്റാൻ കഴിയുമോ?

ഉത്തരം: നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ വർക്കിംഗ്  ആണെങ്കിൽ അബ്ശിർ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം ചേഞ്ചിംഗ് ഓഫ് യൂസർ ഇൻഫർമേഷൻ ഓപ്ഷനിൽ ക്ലിക് ചെയ്ത് പുതിയ നമ്പറും ഇമെയിലും പാസ് വേഡുമെല്ലാം മാറ്റാനാവും. നിലവിലെ മൊബൈൽ നമ്പർ ഉപയോഗ ശൂന്യമായിരിക്കെയാണ് പുതിയ നമ്പർ ചേർക്കേണ്ടതെങ്കിൽ അബ്ശിർ സർവീസ് പ്രൊവൈഡറെ സമീപിക്കേണ്ടതാണ്. ഷോപ്പിംഗ് മാളിലേയോ, ജവാസാത്ത് ഓഫീസിലേയോ അബ്ശിർ സിസ്റ്റത്തിലൂടെയും ഇതു മാറ്റാം. അതുപോലെ ബാങ്കിലും പോയി പുതിയ നമ്പർ അപ്‌ഡേറ്റ് ചെയ്യണം. പഴയ നമ്പർ ഉപയോഗിക്കാനാവുന്നതാണെങ്കിൽ മൂന്നക്ക ഡിജിറ്റ് കോഡ് അതിൽ വരുമെന്നതിനാൽ അതുപയോഗിച്ച് അബ്ശിർ അക്കൗണ്ട് തുറന്ന് മാറ്റങ്ങൾ വരുത്താനാവുന്നതാണ്. അല്ലെങ്കിലാണ് സിസ്റ്റത്തിലൂടെ മാറ്റം വരുത്തേണ്ടി വരിക. 


ഇഖാമ പുതുക്കാതെ ഫൈനൽ എക്‌സിറ്റ് 

ചോദ്യം: എന്റെ ഇഖാമയുടെ  കാലാവധി കഴിഞ്ഞ ആഴ്ചയിൽ തീർന്നു. ഇപ്പോൾ ഫൈനൽ എക്‌സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നു. ഇഖാമ പുതുക്കാതെ ഫൈനൽ എക്‌സിറ്റ് ലഭിക്കുമോ?

ഉത്തരം: ഇഖാമ പുതുക്കാതെ ഫൈനൽ എക്‌സിറ്റ് ലഭിക്കില്ല. ഇഖാമക്ക് കാലാവധി ഉണ്ടെങ്കിൽ മാത്രമാണ് ഫൈനൽ എക്‌സിറ്റ് ലഭിക്കുക. ഇഖാമയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ 500 റിയാൽ  ഫൈൻ നൽകി വേണം പുതുക്കാൻ. നിങ്ങളുടെ ഇഖാമ ഇതാദ്യമായാണ് കാലാവധി കഴിഞ്ഞു പുതുക്കുന്നതെങ്കിലാണ് 500 റിയാൽ ഫൈൻ. ഇതിനു മുൻപും കാലാവധി കഴിഞ്ഞു പുതുക്കിയിട്ടുണ്ടെങ്കിൽ ആയിരം റിയാലാണ് ഫൈൻ. ഫൈൻ അടച്ച ശേഷം നിങ്ങളുടെ ഇഖാമ കുറഞ്ഞ കാലാവധിയായ മൂന്നു മാസത്തേക്ക് പുതുക്കാം. അതിനു ശേഷം ഫൈനൽ എക്‌സിറ്റ് നേടുകയും ചെയ്യാം.


 

Latest News