ജോലി ചെയ്യുന്ന വീട്ടിലെ രഹസ്യം പുറത്തുപറയരുത്, അകത്താവും

റിയാദ്- സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച തൊഴില്‍ നിയമം വൈകാതെ നടപ്പിലാക്കും. ഇതനുസരിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്ന വീട്ടിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് രണ്ടായിരം റിയാല്‍ വരെ പിഴയീടാക്കാവുന്നതോ സൗദിയില്‍ തൊഴില്‍ വിലക്കെര്‍പ്പെടുത്താവുന്നതോ രണ്ടു ശിക്ഷയും ഒരുമിച്ചു നല്‍കാവുന്നതോ ആയ കുറ്റകൃത്യങ്ങളില്‍ പെടും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിശ്ചയിക്കപ്പെടാത്തതോ അവരുടെ ആരോഗ്യത്തിനു ഭീഷണിയായേക്കാവുന്നതോ അഭിമാനത്തിനു ക്ഷതം വരുത്തുന്നതോ ആയ തൊഴിലെടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്നതും കുറ്റകരമായിരിക്കും. വീട്ടുജോലിക്കാര്‍ കുടുംബാംഗങ്ങളെയോ കുട്ടികളെയോ പ്രായം ചെന്നവരെയോ ദ്രോഹിക്കുന്നതും വീട്ടിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിക്കുന്നതും ജോലി അകാരണമായി നിര്‍വഹിക്കാതിരിക്കുന്നതും പിഴയീടാക്കാന്‍ കാരണമായ കുറ്റമായി ഗണിക്കും.
തൊഴില്‍ നിയമലംഘനത്തിന്റെ പേരില്‍ ഗാര്‍ഹിക തൊഴിലാളികളില്‍നിന്ന് പിഴയായി പിടിച്ചെടുക്കുന്ന തുക സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടില്‍ സൂക്ഷിക്കുന്നതും നിയമ വിരുദ്ധ തൊഴിലാളികള്‍ക്ക് അഭയം നല്‍കി സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കുന്നതിനു വേണ്ടി വിനിയോഗിക്കുകയും ചെയ്യും. ഗാര്‍ഹിക തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് രണ്ടായിരം റിയാല്‍ പിഴയോ ഒരു വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കോ രണ്ടും കൂടിയോ ഏര്‍പെടുത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക അയ്യായിരം റിയാല്‍ വരെയായി ഉയര്‍ത്തുകയോ  മൂന്നു വര്‍ഷത്തേക്ക് റിക്ടൂട്ട്‌മെന്റ് വിലക്കേര്‍പെടുത്തുകയോ രണ്ടു ശിക്ഷകളും ഒരുമിച്ചു നല്‍കുകയോ ചെയ്യും.

 

Latest News