മണിപ്പൂരിൽ കാര്യങ്ങൾ കൈവിട്ടു. ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തു വന്നത് രാജ്യത്തെ ഞെട്ടിച്ചുവെന്നു മാത്രമല്ല, വിദേശങ്ങളിൽ മോഡിയുടെ സൽപേരിന് കളങ്കവുമായി. മണിപ്പൂരിൽ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സ്ത്രീകളിൽ ഒരാൾ സൈനികന്റെ ഭാര്യയായിരുന്നു. ഞാൻ അതിർത്തിയിൽ രാജ്യത്തിന്റെ മാനം കാത്തു, പക്ഷേ എന്റെ സ്വന്തം ഭാര്യയുടെ മാനം കാക്കാൻ കഴിഞ്ഞില്ല എന്നാണ് ആ സൈനികൻ ദുഃഖത്തോടെ പറഞ്ഞത്. ദേശസ്‌നേഹികൾ ഇതൊക്കെ കേൾക്കുന്നുണ്ടാവുമല്ലോ, അല്ലേ.
വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽനിന്ന് ഓരോ ദിവസവും പുറത്തു വരുന്ന ക്രൂരതകളുടെ വാർത്തകൾ കേട്ട നടുക്കത്തിലാണ് രാജ്യം. രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുകയും പിന്നീട് പാടത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു കാപാലികരായ ജനക്കൂട്ടം. മറ്റൊരു സംഭവത്തിൽ രണ്ട് യുവതികളെ അക്രമികൾ അവർ ജോലി ചെയ്ത സ്ഥാപനത്തിൽ കട
ന്നുകയറി ക്രൂരമായി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത് കൊല്ലുന്നു, സ്വാതന്ത്ര്യ സമര സേനാനിയുടെ എൺപതുകാരിയായ വിധവയെ അവരുടെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് വീടടക്കം തീയിട്ട് ജീവനോട് ചുട്ടുകൊല്ലുന്നു. നിരായുധരായ സ്ത്രീകളെ പരസ്യമായി തെരുവിൽ വെടിവെച്ചു കൊല്ലുന്നു... ഇതൊക്കെ ഇന്ത്യയിൽ തന്നെയാണോ സംഭവിക്കുന്നതെന്ന് ചോദിച്ച് ഞെട്ടിത്തരിച്ചുനിൽക്കുന്നു രാജ്യത്തെ ജനങ്ങൾ. രാജ്യമാകട്ടെ, ലോകത്തിനു മുന്നിൽ അപമാനം കൊണ്ട് തല കുനിച്ചുനിൽക്കുന്നു. അപ്പോഴും പ്രധാനമന്ത്രിക്കോ, കേന്ദ്ര സർക്കാരിനോ ഒരു കുലുക്കവുമില്ല. മണിപ്പൂർ അക്രമങ്ങളുടെ പേരിൽ പാർലമെന്റിൽ പ്രസ്താവന നടത്തില്ലെന്ന വാശിയിലാണ് പ്രധാനമന്ത്രി. പ്രതിപക്ഷം അങ്ങനെ ആവശ്യപ്പെട്ട സ്ഥിതിക്ക് ഏതായാലും അത് ചെയ്യില്ല എന്നതാണ് അദ്ദേഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടെയും നിലപാട്.
ഏതാനും മാസങ്ങൾ മുമ്പ് വരെ ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞ ജനവിഭാഗങ്ങൾക്കിടയിലാണ് ഇത്ര കൊടിയ പകയും വിദ്വേഷവും ഉണ്ടായിരിക്കുന്നത്. അതിനുള്ള കാരണമെല്ലാം രാജ്യത്തിന് ബോധ്യമായിക്കഴിഞ്ഞതാണ്. മണിപ്പൂരിലെ പ്രമുഖ ഗോത്രവിഭാഗവും ഹിന്ദുക്കളുമായ മെയ്തികൾ മലനിരകളിൽ വസിക്കുന്ന ക്രിസ്ത്യൻ ഭൂരിപക്ഷമായ കുകി വിഭാഗക്കാർക്കു നേരെയാണ് അക്രമങ്ങൾ അഴിച്ചുവിടുന്നത്. മെയ് ആദ്യവാരം ആരംഭിച്ച കലാപത്തിൽ ഇതിനകം 150 ഓളം പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ശരിയായ കണക്ക് എന്നെങ്കിലും പുറത്തു വരുമോ എന്ന് വ്യക്തമല്ല. നാൽപതിനായിരത്തിലേറെ പേർ കലാപം ഭയന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കും അഭയാർഥി ക്യാമ്പുകളിലേക്കും പലായനം ചെയ്തു. നൂറുകണക്കിന് വീടുകളും ആരാധനാലയങ്ങളും വാഹനങ്ങളും തീവെച്ചു നശിപ്പിച്ചു. കലാപം ആരംഭിച്ചതിനെ തുടർന്ന് സുരക്ഷയുടെ കാരണം പറഞ്ഞ് വിഛേദിക്കപ്പെട്ടിരുന്ന ഇന്റർനെറ്റ് ബന്ധം കോടതി വിധിയെ തുടർന്ന് കഴിഞ്ഞയാഴ്ച ഭാഗികമായി പുനഃസ്ഥാപിച്ചതോടെയാണ് ഇത്രയും കാലം ലോകം അറിയാതിരുന്ന കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തു വരുന്നത്.
മണിപ്പൂരിലെ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ നേരിട്ടുള്ള കാർമികത്വത്തിലാണ് ഇപ്പോഴത്തെ അതിക്രമങ്ങളെല്ലാം നടന്നത്. സുരക്ഷാ സേനയുടെ ബാരക്കുകളിൽനിന്ന് ആയിരക്കണക്കിന് തോക്കുകളും വെടിയുണ്ടകളും മറ്റ് ആയുധങ്ങളും മെയ്തികൾക്ക് കൊള്ളയടിക്കാൻ സർക്കാർ അവസരമൊരുക്കുകയായിരുന്നു. ആ തോക്കുകൾ ഉപയോഗിച്ചാണ് മെയ്തി അക്രമികൾ കുകികളെ നിഷ്‌കരുണം വെടിവെച്ചു വീഴ്ത്തിയത്. മുഖ്യമന്ത്രി തന്നെയാണ് അക്രമികൾക്ക് ഒത്താശ ചെയ്യുന്നതെന്ന് പറയുന്നത് കുകി വിഭാഗത്തിൽനിന്നുള്ള ബി.ജെ.പി എം.എൽ.എമാർ തന്നെയാണ്. കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷവും മുഖ്യമന്ത്രി നടത്തിയിട്ടുള്ള പല പ്രസ്താവനകളും എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലായിരുന്നു.
രാജ്യത്തെ ജനങ്ങൾക്കിടയിൽ സംഘപരിവാറും ബി.ജെ.പിയും പയറ്റിക്കൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ പരീക്ഷണശാല മാത്രമാണ് മണിപ്പൂർ. മെയ്തി വിഭാഗങ്ങളെ ആദിവാസി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള വേണ്ടത്ര ആലോചനയില്ലാതെയുള്ള സർക്കാർ തീരുമാനമാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്കെല്ലാം തുടക്കം. അതൊരു ഹിന്ദു - ക്രിസ്ത്യൻ ഏറ്റുമുട്ടൽ ആയി മാറാൻ അധിക കാലമൊന്നും വേണ്ടിവന്നില്ല. എന്നാൽ കാര്യങ്ങൾ കൈവിട്ടു. മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കലാപത്തിന്റെ തീപ്പൊരികളെത്തി. മണിപ്പൂരിലെ ജനത ഇനിയൊരിക്കലും അടുക്കാനാത്ത വിധത്തിൽ അകന്നുകഴിഞ്ഞു. നാളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ ഇതാവും സ്ഥിതി. പല വിഭാഗക്കർ തമ്മിൽ ഏറ്റുമുട്ടൽ വ്യപകമാവും. ഈ ഗ്യാപ്പിൽ ഭൂരിപക്ഷത്തിന്റെ സംരക്ഷകരായി ചമഞ്ഞ് ആ മേഖലയിലൊന്നടങ്കം സമ്പൂർണ ആധിപത്യം നേടുക. കൂടാതെ ഹിന്ദുക്കളെ സംരക്ഷിക്കാൻ ഞങ്ങളല്ലാതെ മറ്റാര് എന്ന പ്രചാരണം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അഴിച്ചുവിട്ട് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക.
മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് മണിപ്പൂരിൽ കലാപം അരങ്ങേറിയതെന്നതിന് നിരവധി തെളിവുകളുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ട് മാസങ്ങളായിട്ടും അതേക്കുറിച്ച് എന്തെങ്കിലുമൊന്ന് പ്രതികരിക്കാൻ കഴിഞ്ഞ ദിവസം വരെ പ്രധാനമന്ത്രി തയാറായില്ല. സ്ത്രീകളെ നഗ്നരായി നിരത്തിലൂടെ നടത്തിക്കുന്നതിന്റെ അങ്ങേയറ്റം സ്‌തോഭജനകമായ വീഡിയോ പുറത്തു വന്നപ്പോൾ മാത്രമാണ് അദ്ദേഹം അക്രമങ്ങളെ അപലപിക്കാൻ തയാറായത്. അതുപോലും ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീപഡന സംഭവങ്ങളെ താരതമ്യം ചെയ്തുകൊണ്ട്. അപ്പോഴും പാർലമെന്റിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് പ്രസ്താവന നടത്താൻ പ്രധാനന്ത്രി തായാറായിട്ടില്ല. പകരം പാർലമെന്റിൽ ചർച്ചയാവാമെന്നാണ് ബി.ജെ.പി നിലപാട്. അതാവുമ്പോൾ മണിപ്പൂരിനെ പരാമർശിക്കാതെ ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് പ്രതിപക്ഷത്തെ നേരിടാമല്ലോ. കേന്ദ്ര മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കൾ അത്തരത്തിലാണ് മണിപ്പൂർ കലാപത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, കോർപറേറ്റുകൾക്ക് വാരിക്കോരി നൽകുന്ന സർക്കാർ നടപടികൾ തുടങ്ങിയവ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മോഡിക്കും എതിരായി ജനങ്ങളെ കാര്യമായി തിരിയാൻ ഇടയാക്കിയിട്ടുണ്ട്. പഴയപോലെ മോഡി പ്രഭാവവും മുസ്‌ലിം വിരുദ്ധ കാമ്പയിനുകളും കൊണ്ടു മാത്രം ഇനി ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് കർണാടക തെളിയിച്ചു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും അന്തരീക്ഷം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കു വക നൽകുന്നതല്ല. കല്ലുകടികൾ ഉണ്ടെങ്കിലും രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികൾ ഇന്ത്യ എന്ന പേരിൽ വിശാല സഖ്യത്തിന് രൂപം നൽകിയത് ഉൾക്കിടിലമുണ്ടാക്കുന്നു. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തെ ഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാർഥി മാത്രം നിൽക്കുന്ന സ്ഥിതി വന്നാൽ കളി മാറും. അദ്ഭുതങ്ങൾ സംഭവിക്കും. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്താൻ പുതിയ മാർഗങ്ങൾ സംഘപരിവാർ തേടുന്നത്. ഇതിനിടയിൽ ഏക സിവിൽ കോഡ് എന്നൊരു ബോംബ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയിൽ ഏശിയില്ല.
ഏതായാലും തെരഞ്ഞെടുപ്പുകൾ തുടരെ വരാനിരിക്കുന്നതിനാൽ ഇതിനേക്കാൾ മൂർച്ചയുള്ള ആയുധങ്ങൾ സംഘപരിവാർ പ്രയോഗിക്കുമെന്നുറപ്പ്. കാരണം അവരുടെ അടിസ്ഥാന മൂലധനം ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും നിലനിർത്തുക എന്നതാണ്. മുമ്പ് ഗുജറാത്തിൽ ഇതു കണ്ടതാണ്. അവിടെ മുസ്‌ലിംകളെയാണ് കൂട്ടക്കൊല ചെയ്തത്. മണിപ്പൂരിൽ മുസ്‌ലിംകൾ കാര്യമായി ഇല്ലാത്തതുകൊണ്ട് ക്രിസ്ത്യാനികൾക്കു നേരെ തിരിഞ്ഞു.
വിദ്വേഷത്തിന്റെ വിളവെടുപ്പ് എന്നാണ് 2002 ഗുജറാത്ത് കലാപത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വമ്പൻ വിജയത്തെക്കുറിച്ച് ഒരു പ്രമുഖ ദേശീയ ദിനപത്രം മുഖപ്രസംഗം എഴുതിയത്. രണ്ട് പതിറ്റാണ്ടിനു ശേഷവും തെരഞ്ഞെടുപ്പിനെ നേരിടാൻ അവർക്കു മുന്നിൽ അതേ മാർഗം മാത്രമേയുള്ളൂ. അല്ലാതെ കാര്യമായ വികസന നേട്ടങ്ങളൊന്നുമില്ല. പക്ഷേ മണിപ്പൂരിൽ കാര്യങ്ങൾ കൈവിട്ടു. ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തു വന്നത് രാജ്യത്തെ ഞെട്ടിച്ചുവെന്നു മാത്രമല്ല, വിദേശങ്ങളിൽ മോഡിയുടെ സൽപേരിന് കളങ്കവുമായി. മണിപ്പൂരിൽ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സ്ത്രീകളിൽ ഒരാൾ സൈനികന്റെ ഭാര്യയായിരുന്നു. ഞാൻ അതിർത്തിയിൽ രാജ്യത്തിന്റെ മാനം കാത്തു, പക്ഷേ എന്റെ സ്വന്തം ഭാര്യയുടെ മാനം കാക്കാൻ കഴിഞ്ഞില്ല എന്നാണ് ആ സൈനികൻ ദുഃഖത്തോടെ പറഞ്ഞത്. ദേശസ്‌നേഹികൾ ഇതൊക്കെ കേൾക്കുന്നുണ്ടാവുമല്ലോ, അല്ലേ.