Sorry, you need to enable JavaScript to visit this website.

മഴയിലും മലവെള്ളപ്പാച്ചിലിലും ആലപ്പുഴ മുങ്ങി

വെള്ളം കയറിയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ നാട്ടുകാർ വലവീശി മീൻ പിടിക്കുന്നു.
ട്രെയിനിന് മുകളിൽ മരം വീണപ്പോൾ
കുട്ടനാട്ടിൽ വെള്ളം കയറിയ വീട്
  • കുട്ടനാട്ടിൽ വൻകൃഷിനാശം
  • എ.സി റോഡിൽ ഗതാഗതം നിർത്തിവച്ചു
  • ട്രെയിൻ ഗതാഗതവും തടസപ്പെട്ടു

ആലപ്പുഴ- കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ആലപ്പുഴ മുങ്ങി. ജില്ലയിലെ പ്രധാന റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും വെള്ളം കയറി. പാതയിലേക്ക് മരം ഒടിഞ്ഞുവീണും വെള്ളം കെട്ടിനിന്നും ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രെയിനിനുമുകളിലേക്ക് മരം വീണു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുട്ടനാട്ടിൽ വൻതോതിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. 50 ദിവസം പ്രായമായ നെൽച്ചെടികൾ പലയിടത്തും പൂർണമായി നശിച്ചു. ബണ്ട് പൊട്ടിയും ആറ് കവിഞ്ഞുമാണ് പാടങ്ങളിലേക്ക് വെള്ളം കയറുന്നത്. ഇന്നലെ ജില്ലയിൽ മഴ കുറവായിരുന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാണ്. 

ആലപ്പുഴ-ചങ്ങനാശേരി റോഡ് നെടുമുടി മുതൽ ചങ്ങനാശേരി പെരുന്ന വരെ വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം ഇന്നലെ അധികൃതർ നിർത്തിച്ചു. കെ.എസ്.ആർ.ടി.സി ബസുകളും ഇന്നലെ ഓടിയില്ല. പല സ്ഥലത്തും കാറുകൾ മുങ്ങുന്നതരത്തിൽ വെള്ളം കയറിയിട്ടുണ്ട്. അമ്പലപ്പുഴ-തിരുവല്ല റോഡ്, ഹരിപ്പാട്-എടത്വ റോഡ്, ഹരിപ്പാട്- മാന്നാർ റോഡ്, ഇടിഞ്ഞില്ലം-കാവുംഭാഗം റോഡ്, എടത്വ-മാമ്പുഴക്കരി റോഡ് തടുങ്ങിയ റോഡുകളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ്. കുട്ടനാട്ടിൽ ആറുകൾ കവിഞ്ഞൊഴുകുന്നതിനാൽ ജലാശയവും റോഡും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. വെള്ളം പരന്നൊഴുകുകയാണ്. ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 4199 കുടുംബങ്ങളിൽ നിന്നുള്ള 19708 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 1.24 കോടിയുടെ കൃഷി നാശമുണ്ടായി. മടവീഴ്ചയിൽ 464 ഹെക്ടറിലെ കൃഷി നശിച്ചു.24.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.425 മരങ്ങൾ കടപുഴകി വീണു.350 നാണ്യവിള വൃക്ഷങ്ങളും കടപുഴകി. 69 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ തകർന്നതിൽ 42 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതേവരെ 12.83 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.ഇതിൽ 12.43 കോടി കാർഷിക മേഖലയിലെ നഷ്ടമാണ്. ആറായിരത്തോളം ഹെക്ടർ പ്രദേശത്തെ കൃഷികളും വിളകളും നശിച്ചതായാണ് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്.16 വീടുകൾ പൂർണമായും 378 വീടുകൾ ഭാഗികമായും തകർന്നതിൽ 1.03 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 


ആലപ്പുഴ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളായ ചുങ്കം, പുന്നമട, പള്ളാത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ ആയിരത്തോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കുട്ടനാട്ടിൽ മാത്രം രണ്ടായിരത്തിലേറെ വീടുകൾ വെള്ളത്തിലാണ്. നൂറോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവ് ഇനിയും വർധിക്കുകയാണെങ്കിൽ ജില്ലയിൽ വൻതോതിൽ നാശനഷ്ടം ഉണ്ടാകാനിടയുണ്ട്. തോട്ടപ്പള്ളി പൊഴിയും തണ്ണീർമുക്കം ബണ്ടും തുറന്നിട്ടുണ്ട്. ഇതിനിടെ കടലാക്രമണവും രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. 
റെയിൽവേ പാതയിൽ വെള്ളം കയറിയും മരം ഒടിഞ്ഞുവീണും ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ചന്തിരൂർ വെളുത്തുള്ളി ലവൽക്രോസിനുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണു. പുലർച്ചെ അഞ്ചരയോടെ കടന്നുവന്ന മംഗലാപുരം-തിരുവനന്തപുരം അന്ത്യോദയ എക്‌സ്പ്രസിനു മുകളിലേക്കാണ് മരം വീണത്. ഇതുമൂലം ഇലക്ട്രിക് ലൈനിന് തകരാർ സംഭവിച്ചു. പിന്നീട് മരംവെട്ടി നീക്കി ലൈനിന്റെ തകരാറുകൾ പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നത് മൂന്നുമണിക്കൂറിനുശേഷമാണ്. 
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കൈനകരി, ആറുപങ്ക്, ചമ്പക്കുളം, ചെനമ്പടി, ചങ്ങങ്കരി പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. മറ്റനേകം പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ഞായറാഴ്ച രാത്രിയാണ് കൈനകരി പാടശേഖരത്തിൽ മടവീഴ്ച ഉണ്ടായത്. 


വിത നടത്തി ഏഴു ദിവസം പിന്നിട്ടപ്പോഴുണ്ടായ മടവീഴ്ചയിൽ 487 ഏക്കർ പാടശേഖരത്തിലെ കൃഷിയാണ് നശിച്ചത്. 232 കർഷകരാണ് പാടത്ത് കൃഷിയിറക്കിയത്. മട കുത്താൻ പാടശേഖര സമിതി പരിശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കിൽ മടതള്ളിപ്പോവുകയായിരുന്നു. കോടികളുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. പാടത്ത് മടവീണതോടെ പുറംബണ്ടിൽതാമസിക്കുന്ന നൂറോളം വീടുകളിൽവെള്ളം കയറി. ആറുപങ്കിൽ മടവീണതോടെ സമീപത്തെ ചെറികാലിക്കായലിലേക്കും വെള്ളം കയറിത്തുടങ്ങി. 315 ഏക്കർവരുന്ന പാടത്ത് വിത പൂർത്തിയായി ഏഴു ദിവസം മാത്രമാണ് രണ്ടാംകൃഷി പിന്നിട്ടത്. ചമ്പക്കുളം കൃഷിഭവനു കീഴിൽവരുന്ന 360 ഏക്കർചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് മടവീണത്. ഇവിടെ രണ്ടാംകൃഷി 20 ദിവസം പിന്നിട്ടിരുന്നു. മടകെട്ടാൻ കർഷകർകിണഞ്ഞ് പരിശ്രമിച്ചെങ്കിലും വൈകീട്ടോടെ മട തട്ടിപ്പോകുകയായിരുന്നു. ചക്കങ്കരി പാടശേഖരത്തിൽ മടവീണതോടെ സമീപത്തെ അറുനൂറും പാടത്തേക്കും വെള്ളം കയറുകയാണ്. ചമ്പക്കുളം കണ്ടങ്കരി കുന്നംവേലീൽ, പാട്ടത്തിൻവരമ്പിനകം, മാനങ്കരി, മങ്കൊമ്പ് മൂല പൊങ്ങമ്പ്ര, എഴുകാട്, നാട്ടായം, പുളിങ്കുന്ന് തെക്കേമണപ്പള്ളി, അയ്യനാട് പാടശേഖരം, കണ്ണാടി മാടംപാക്ക, കാവാലം കിഴക്കുപുറം എന്നിവിടങ്ങളിൽ പുറംബണ്ട് കവിഞ്ഞ് വെള്ളം കയറുകയാണ്. ഇവയിൽ മിക്കവയിലും നെൽച്ചെടികൾ പൂർണമായി മുങ്ങി. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി വിതരണം താറുമാറായതിനാൽ പമ്പിങ് മുടങ്ങുന്ന സ്ഥിതിയാണ്. 

Latest News