കൊച്ചി-സൂപ്പര്‍ മാര്‍ക്കറ്റുകളിൽനിന്ന് ലക്ഷക്കണക്കിന് ഷേവിങ് കാട്രിഡ്ജുകൾ മോഷ്ടിച്ചിരുന്ന സംഘം പിടിയില്‍. മുംബൈ സ്വദേശികളാണ് മരട് പോലീസിന്റെ പിടിയിലായത്. കേരളത്തിലേക്കുള്ള ഓരോ വരവിലും ലക്ഷക്കണക്കിന് രൂപയുടെ ഷേവിങ് കാട്രിഡ്ജുകളാണ് ഇവര്‍ കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈ സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്.
ഷേവിങ് കാട്രിഡ്ജുകള്‍ക്ക് 500 രൂപ മുതല്‍ ആയിരവും അതിലേറെയും വിലയുണ്ട്. കയ്യില്‍ കരുതുന്ന ബാഗിലോ, വസ്ത്രത്തിനുള്ളിലോ ഒളിപ്പിച്ചാണ് മോഷണമുതല്‍ പുറത്തെത്തിച്ചിരുന്നത്. മരടിലെ ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷണം ശ്രദ്ധയില്‍പ്പെടുന്നത്. മാൾ അധികൃതർ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് അന്വേഷിക്കുന്നതിനിടെ സംഘം ഇടപ്പള്ളിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തി.
ഇവിടെ മോഷണം നടത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. സെക്യൂരിറ്റിയെ ആക്രമിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്നു കൊച്ചി എസിപിയുടെ സംഘവും മരടു പോലീസും നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുനിന്ന് സംഘം പോലീസിന്റെ പിടിയിലായത്. ഓരോ തവണയും മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വിലവരുന്ന ഷേവിങ് കാട്രിഡ്ജുകള്‍ സംഘം കടത്തിയിരുന്നതായി പോലീസ് പറഞ്ഞു.