പൊന്നാനി - ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്ന് പത്ത് മാസമായി ബഹ്റൈനില്‍ നിയമക്കുരുക്കില്‍ പെട്ട മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് നിയമക്കുരുക്ക് കാരണം നാട്ടിലേക്ക് എത്തിക്കാനാകാതെ ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്നത്. ഒടുവില്‍ എം എ യൂസഫലി ഇടപെട്ട് നിയമക്കരുക്കഴിച്ചതോടെ അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു. യൂസഫലി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് മൃതദേഹം വിട്ടുകിട്ടാന്‍ തീരുമാനമായത്. കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായി മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 19ന് അവശനിലയില്‍ കണ്ടെത്തിയ മൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.