ദുബായ്- അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യു.എ.ഇ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു.
ശൈഖ് സയീദ് ബിൻ സായിദിന് ആരോഗ്യപ്രശ്‌നമുണ്ടെന്ന് ജൂലൈ 22ന് വാർത്താകുറിപ്പുണ്ടായിരുന്നു. അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് സർവശക്തനായ അല്ലാഹുവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്നായിരുന്നു പ്രസിഡൻഷ്യൽ കോടതിയുടെ പ്രസ്താവനയിലുണ്ടായിരുന്നത്.
1965 ൽ അൽ ഐനിൽ ജനിച്ച ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ 2010 ജൂണിൽ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായി. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായും പ്രവർത്തിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.