Sorry, you need to enable JavaScript to visit this website.

ടീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ ദഹിപ്പിച്ചതിൽ പരാതി

പാലക്കാട്- മലബാർ സിമന്റ്‌സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ ദഹിപ്പിച്ചതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകും. ശശീന്ദ്രന്റെ സഹോദരൻ സനൽ കുമാറാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നത്. 
ഏഴു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ ശശീന്ദ്രനും രണ്ട് മക്കളും മരിച്ച കേസിലെ പ്രധാന സാക്ഷിയാണ് കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞ ടീന. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ശശീന്ദ്രന്റേയും മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരുടേയും കൂട്ടമരണം. കഞ്ചിക്കോട് കുരുടിക്കാട്ടുള്ള വാടക വീട്ടിൽ 2011 ജനുവരി 24 നാണ് മൂന്നു പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. 
പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സിലെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് നിർണായക സാക്ഷിയായിരുന്ന ശശീന്ദ്രനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു. ആ ദുരന്തവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി.എം. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തി ശശീന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ശശീന്ദ്രന്റെ കുടുംബം അതംഗീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പിതാവ് ആരംഭിച്ച നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ശശീന്ദ്രന്റേയും മക്കളുടേയും മരണത്തെക്കുറിച്ച് നടക്കുന്ന പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് രൂപം കൊടുത്ത ആക്ഷൻ കമ്മിറ്റിയുടെ പിന്തുണയും സനൽ കുമാറിനുണ്ട്. 
ഭർത്താവും കുഞ്ഞുങ്ങളും മരിച്ചതിനു ശേഷം കോയമ്പത്തൂരിൽ സ്വന്തം ബന്ധുക്കൾക്കൊപ്പമായിരുന്നു ടീന താമസിച്ചിരുന്നത്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ടീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനിയാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇരു വൃക്കകളും തകരാറായതിനെത്തുടർന്നായിരുന്നു മരണം. മരണത്തിൽ അവരുടെ അടുത്ത ബന്ധുക്കൾക്ക് സംശയമൊന്നുമില്ലാതിരുന്നതിനാലാണ് പോസ്റ്റുമോർട്ടം ഒഴിവാക്കിയത്. എന്നാൽ ടീനയുടെ മരണം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്ന വാദമാണ് സനൽ കുമാർ ഉയർത്തുന്നത്. പറയത്തക്ക അസുഖമൊന്നും അവർക്കുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മലബാർ സിമന്റ്‌സ് അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഉണ്ടായ ദുരൂഹ മരണങ്ങളുടെ തുടർച്ചയാണ് ടീനയുടെ മരണമെന്ന് സനൽ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരേ മൊഴി നൽകിയ സതീന്ദ്ര കുമാർ പിന്നീട് കോയമ്പത്തൂരിൽ ദുരൂഹമായ വാഹനാപകടത്തിലാണ് മരിച്ചത്. മലബാർ സിമന്റ്‌സിൽ ശശീന്ദ്രന് ഏൽക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മൊഴി നൽകിയ മറ്റൊരു ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. വിവിധ അഴിമതിക്കേസുകളും ദുരൂഹ മരണക്കേസുകളും ഒരുമിച്ച് അന്വേഷിക്കണമെന്ന ആവശ്യമാണ് ബന്ധുക്കൾ ഉയർത്തുന്നത്. ടീനയുടെ മരണം ശശീന്ദ്രന്റെയും മക്കളുടെയും കൂട്ടമരണവുമായി ബന്ധപ്പെട്ട കേസിന്റെ ഭാവിയെത്തന്നെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. പ്രതികൾ ശശീന്ദ്രനെ നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതിനെക്കുറിച്ച് ടീന അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകൾ നൽകിയിരുന്നു. 


 

Latest News