കാസർകോട് - കുളത്തിൽ വീണ പന്തെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ രണ്ട് കുട്ടികളെ അഞ്ചു വയസ്സുകാരന്റെ മനഃസാന്നിധ്യം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ബാസിം സമാൻ (അഞ്ച്), അബ്ദുൽ ഷാമിൽ (അഞ്ച്) എന്നിവർക്കാണ് കൂട്ടുകാരനായ സൈനുൽ ആബിദീൻ (അഞ്ച്) തുണയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര മണിയോടെ മല്ലം തൈവളപ്പിലാണ് സംഭവം. മൂവരും കളിച്ചുകൊണ്ടിരിക്കേ പന്ത് വീടിന് പിറക് വശത്തുള്ള ഉപയോഗശൂന്യമായ കുളത്തിൽ വീഴുകയായിരുന്നു. പന്തെടുക്കുന്നതിടെ ബാസിം സമാനും അബ്ദുൽ ഷാമിലും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെ കളിച്ചുകൊണ്ടിരുന്ന സൈനുൽ ആബിദീൻ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം കുളത്തിലേക്ക് നീട്ടുകയും ഇതു പിടിച്ച് ഇരുവരും രക്ഷപ്പെടുകയുമായിരുന്നു.
20 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കുളത്തിലേക്കാണ് ഇരുവരും അകപ്പെട്ടത്. മൂന്ന് പേരും യു കെ ജി വിദ്യാർത്ഥികളാണ്. മുനീർ - സാജിദ ദമ്പതികളുടെ മകനാണ് ബാസിം സമാൻ. അബ്ദുൽ ഷാമിൽ സഹോദരൻ ആരിഫിന്റെയും നിസാനയുടെയും മകനാണ്. സൈനുദ്ദീൻ - അസ്മ ദമ്പതികളുടെ മകനാണ് രക്ഷകനായ സൈനുൽ ആബിദീൻ. സൈനുൽ ആബിദീനെ മല്ലം വാർഡ് വികസന സമിതി യോഗം അനുമോദിച്ചു. തൈവളപ്പിൽ സംഘടിപ്പിച്ച അനുമോദന യോഗം കാസർകോട് ഡിവൈഎസ്പി എം വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. സൈനുൽ ആബിദിനുള്ള നാട്ടുകാരുടെ ഉപഹാരം ഡി വൈ എസ് പിയും, പുഞ്ചിരി മുളിയാറിന്റെ ഉപഹാരം സെക്രട്ടറി ഹസൈനവാസും വികസന സമിതിയുടെ ഉപഹാരം മാധവൻ നമ്പ്യാരും കൈമാറി. വേണുകുമാർ അമ്മങ്കോട്, കൃഷ്ണൻ ചേടിക്കാൽ, പ്രകാശ് റാവു, ഹമീദ് സുലൈമാൻ മല്ലം, ഷെരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഷഫീഖ് ആലൂർ, ബി കെ റംഷാദ്, ബി കെ ശാഫി ബോവിക്കാനം പ്രസംഗിച്ചു.