കോഴിക്കോട് - സി.പി.എം അടക്കം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും എല്ലാവിഭാഗം മത-സാമുദായിക നേതാക്കളേയും ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരെയും ഒരു വേദിയിൽ അണിനിരത്തി മുസ്്ലീം ലീഗ് നേതൃത്വത്തിലു?dN മുസ്ലിം കോ-ഓർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച 'ഏകസിവിൽ കോഡ് സെമിനാർ കേരളത്തിന്റെ ഇക്കാര്യത്തിലുള്ള താക്കീതായി. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ തന്നെ സെമിനാറിനെത്തിയതും ശ്രദ്ധേയമായി.
പ്രാസംഗികനായിരുന്ന കോൺഗ്രസ് നേതാവ് വി.ടി.ബൽറാമാകാട്ടെ . സി.പി.എമ്മിനെ കൊട്ടാനും കിട്ടിയ സന്ദർഭത്തിൽ
മറന്നില്ല. ചടങ്ങ് തമിഴ്നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി അഡ്വ. മാ.സുബ്രഹ്‌മണ്യൻ ആണ് ഉദ്ഘാടനം ചെയ്തത്. ഏകസിവിൽകോഡിനെതിരെ കേരളത്തിൽ ഉണ്ടായ കൂട്ടായ്മ മാതൃകാപരമാണെന്നും കേരളത്തിന്റെ പോരാട്ടങ്ങൾക്ക് തമിഴ് മക്കളുടേയും തമിഴ്നാട് സർക്കാരിന്റേയും പിന്തുണ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കന്നടയും തെലുങ്കും തമിഴും മലയാളവുമെല്ലാം ആദി ദ്രാവിഢ പാരമ്പര്യത്തിന്റെ പിൻ തുടർച്ചയായുള്ളവരാണെന്നും
രാജ്യത്തിന്റെ അഖണ്ഡത തകർക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമാണ് ഏക സിവിൽകോഡിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ രാജ്യവ്യാപകമായ ഐക്യപ്പെടലുണ്ടാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോ- ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഏക സിവിൽകോഡിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെച്ചതെങ്കിൽ സിവിൽകോഡിനെതിരായ സമരപ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ-മത-സാമുദായിക ഭേദമെന്യേ ജനതയെ ഒന്നിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് വലിയ നേട്ടമാണെന്ന് ശിഹാബ്തങ്ങൾ പറഞ്ഞു. പെട്ടന്നൊരു ദിവസം രാജ്യത്ത് ഏകസിവിൽകോഡ് നടപ്പാക്കാൻപോകുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ജനം ശ്രവിച്ചത്. എന്നാൽ മതനിരപേക്ഷ ഇന്ത്യ ഇത് തിരിച്ചറിയുകയും പിന്നിലെ അജണ്ടയ്ക്കെതിരെ ഒന്നിച്ചണിനിരക്കുകയുമുണ്ടായി. ചില സംസ്ഥാന നിയമസഭകൾ ഏക സിവിൽകോഡിനെതിരെ പ്രമേയംപോലും അവതരിപ്പിക്കുകയുണ്ടായി. ഇത് ഇന്ത്യയിലെ മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമെന്ന തരത്തിൽ ചിലകോണുകളിൽ നിന്ന് പ്രചരണമുണ്ടായി. അത് വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാമായിരുന്നു. കാര്യങ്ങൾ മനസിലായപ്പോൾ ജനം തിരിച്ചറിഞ്ഞു. ഏക സിവിൽകോഡ് മുസ്്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും എല്ലാ ഇന്ത്യക്കാരേയും ബാധിക്കുന്നതാണെന്നും. അതുകൊണ്ടാണ് ജാതിയും-മതവും-രാഷ്ട്രീയമെല്ലാം മാറ്റിവെച്ച് ഇതുപോലൊരു വേദിയിൽ എല്ലാവരും ഒന്നിച്ചണിനിരന്നതെന്നും സാദിഖലി ശിഹാബ്തങ്ങൾ പറഞ്ഞു.
ഒരുമാലയിൽ കോർത്ത മുത്തുമണികളാണ് ഇന്ത്യയുടെ മതേതരത്വമെന്ന് ചടങ്ങിൽ പ്രഭാഷണം നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അനവസരത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ ഏകത്വം തകർക്കാനായി ഏക സിവിൽകോഡ് പ്രഖ്യാപിച്ചത്. യാതൊരു വിധ സ്പർധയുമില്ലാതെ ഏകസഹോദരങ്ങളായി ജീവിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് മേൽ തീകോരിയിടുകയായിരുന്നു ലക്ഷ്യം. എന്നാൽ അതിനെയെല്ലാം തള്ളിക്കളയുന്ന ജനവിധിയാണ് ഏകസിവിൽകോഡ് വിഷയത്തിൽ ജനമാകെ ഒന്നിച്ചതിലൂടെ കണ്ടത്. എത്രതന്നെ പിളർത്താൻ ശ്രമിച്ചാലും അതിലും വേഗത്തിൽ ഒന്നിക്കുന്നതാണ് ഇന്ത്യൻ സംസ്‌കാരം. അതാണ് ഇത്തരത്തിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കാണാൻ കഴിയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യൻ ബഹുസ്വരതയ്ക്ക് മേൽ ആര് കോടാലി വെക്കാൻ ശ്രമിച്ചാലും ഇവിടെ വിലപോകില്ലെന്നാണ് ഈ കൂട്ടായ്മ തെളിയിക്കുന്നതെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഓരോ മതങ്ങൾക്കും ഓരോ നിയമവും അനുഷ്ഠാനങ്ങളും ആചാരങ്ങളുമുണ്ട്. അതെല്ലാം ഒറ്റദിവസംകൊണ്ട് ഇല്ലാതാക്കിക്കളയാമെന്ന് കരുതിയാൽ അനുവദിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. വൈവിധ്യങ്ങളാൽ മനോഹരമായ രാജ്യത്ത് ഐക്യത്തോടെ ജനം ജീവിക്കുമ്പോൾ അതിന് ഭിന്നിപ്പിക്കാനുള്ള ഒരു ശ്രമവും അനുവദിച്ച് കൂടെന്ന് ടി.പി.അബ്ദുള്ളക്കോയ മദനി പറഞ്ഞു. ഇന്ത്യയെ ഒറ്റമതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഏകീകൃത സിവിൽകോഡെന്നും ഇത്തരം നീക്കങ്ങളെ കൂട്ടായ്മകൾകൊണ്ടേ തകർക്കാനാവുകയുള്ളൂവെന്നും റവറന്റ് ഫാദർ സുനിൽ ജോയ് പറഞ്ഞു.
മണിപ്പൂരിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ വേട്ടയുടെ മറുപുറമാണ് ഏകെ സിവിൽകോഡെന്ന് ബിഷപ്പ് എച്ച്.ജി ഐറേനിയോസ് പൗലോസ് പറഞ്ഞു. . ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യം ഒറ്റമനസ്സായി ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 21ാം നിയമ കമ്മീഷൻ പറ്റില്ലെന്ന് പറഞ്ഞിട്ടും നിർബന്ധ ബുദ്ധിയോടെ ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിന് പിന്നിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സംഘപരിവാർ അജണ്ടയാണെന്ന് സി.പി.എം നേതാവ് കെ.ടി.കുഞ്ഞികണ്ണൻ പറഞ്ഞു. ഏകസിവിൽകോഡിൽ കോൺഗ്രസിന് വ്യക്തമായ സ്റ്റാന്റുണ്ടെന്ന് വി.ടി.ബൽറാം പറഞ്ഞു. ഈ വിഷയം ചർച്ചക്ക് വന്നതോടു കൂടി ജയറാം രമേശ് അടക്കമുള്ളവർ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ബൽറാം വ്യക്തമാക്കി.
പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് ( സമസ്ത ഏ.പി. വിഭാഗം,കേരള മുസ്ലിം ജമാഅത്ത്), അഡ്വ.പി ഗവാസ്, ഡോ.കെ.എസ് മാധവൻ,(കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തലവൻ), സി.പി ഉമർ സുല്ലമി
(ജനറൽ സെക്രട്ടറി, കെ.എൻ.എം മർക്കസുദ്ദഅവ), എച്ച്.ജി ഐറേനിയോസ് പൗലോസ് (ബിഷപ്പ് യാക്കോബായ ഭദ്രാസനം കോഴിക്കോട്), പി.എൻ.അബദുൽ ലത്തീഫ് മൗലവി (ചെയർമാൻ, വിസ്ഢം ഇസ്ലാമിക് ഓർഗനൈസേഷൻ), പി.മുജീബ് റഹ്‌മാൻ (അമീർ, ജമാഅത്തെ ഇസ്ലാമി കേരള), റവറന്റ് ഫാദർ സുനിൽ ജോയ് (വികാരി ജനറൽ, എസ്.ടി പോൾ മാർത്തോമ ചർച്ച്), അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി (മെമ്പർ, മുസ്ലിം പേഴ്സണൽ ബോർഡ്), പി.പി. അശ്‌റഫ് ബാഖവി ( സംസ്ഥാന ജംഇയ്യത്തുൽ ഉലമ), എ.എം ബാവ മൗലവി (സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), ഡോ.ഫസൽ ഗഫൂർ (പ്രസിഡണ്ട്, എം.ഇ.എസ് സംസ്ഥാന കമ്മറ്റി), ഡോ.പി ഉണ്ണീൻ (പ്രസിഡണ്ട്, എം.എസ്.എസ് സംസ്ഥാന കമ്മറ്റി), അഡ്വ.പി.എം.എ സലാം, ടി.കെ. അശ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു.