Sorry, you need to enable JavaScript to visit this website.

സംഘ്പരിവാർ രക്ഷാബന്ധനു പകരം യൂത്ത് കോൺഗ്രസിന്റെ ദേശരക്ഷാബന്ധൻ 

തലശ്ശേരി - വർഗീയതയ്ക്ക് എതിരെ ദേശ രക്ഷാബന്ധനുമായി യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റി. വിദ്യാർത്ഥികളിലും യുവജനങ്ങളിലും വർഗീയത വളർത്തുന്ന ആർ എസ് എസിന്റെയും സംഘപരിവാറിന്റെയും രക്ഷാബന്ധന് ബദലായാണ് ദേശാരക്ഷാബന്ധൻ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറമായ കുങ്കുമം, വെള്ള, പച്ച എന്നീ മൂവർണങ്ങളിലാണ് യൂത്ത് കോൺഗ്രസിന്റെ ദേശ രക്ഷാബന്ധനായി രക്ഷാബന്ധൻ ഒരുക്കിയിട്ടുള്ളത്.   
രക്ഷാബന്ധൻ നിർമ്മിച്ച് വിൽപന നടത്തുന്ന  പിണറായിയിലെ കോൺഗ്രസ് പ്രവർത്തകനോട് ഇതിനായി മൂവർണ്ണത്തിൽ ആയിരത്തോളം രക്ഷാബന്ധനുകൾ നിർമ്മിച്ചു നൽകാൻ യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. കാലാകാലങ്ങളായി ആർ എസ് എസ് ശാഖകളിൽ നിന്ന് കാവി നിറത്തിലുള്ള രക്ഷാബന്ധനുകൾ പ്രത്യേകമായി നിർമ്മിച്ച് നാടെങ്ങും രക്ഷാബന്ധൻ സംഘടിപ്പിക്കാറുണ്ട്. ദേശീയ തലത്തിൽ രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ  ശാഖകളിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് രക്ഷാബന്ധൻ ആർ.എസ്.എസ്  ആഘോഷിച്ചിരുന്നത്. ഇതിന് മറുപടിയായാണ്  യൂത്ത് കോൺഗ്രസ് ദേശ രക്ഷാബന്ധൻ. മഹാത്മാഗാന്ധി ഉൾപ്പെടെയുളള ദേശീയ നേതാക്ക'ളുടെ ചിത്രങ്ങൾ വെച്ച് വർഗീയതയ്ക്കും, അക്രമ രാഷ്ട്രിയത്തിനുമെതിരെ 'ദേശ രക്ഷാ പ്രതിജ്ഞ 'കൂട്ടമായി എടുത്തുകൊണ്ടാണ് ദേശ രക്ഷാബന്ധൻ സംഘടിപ്പിക്കുന്നത്. 
എല്ലാ മതവിഭാഗങ്ങളിലെയും  നേതാക്കളെയും പണ്ഡിതരെയും പ്രഭാഷകൻമാരെയും ചടങ്ങിൽ പങ്കെടുപ്പിക്കും. വർഗീയതയ്ക്കും, ഫാസിസത്തിനുമെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന 'ദേശ രക്ഷാ ബന്ധന്റെ കടമ്പൂർ  'പഞ്ചായത്ത്തല ഉദ്ഘാടനം ആഗസ്ത് പതിനഞ്ചിന് വൈകുന്നേരം 4 മണിക്ക് കാടാച്ചിറയിൽ വെച്ച് നടക്കും.ഇതിനായി ആയിരത്തോളം മൂവർണ്ണ രക്ഷാബന്ധനകൾ തയ്യാറായിക്കഴിഞ്ഞു.വിവിധ മതപണ്ഡിതരും പ്രഭാഷകരും സാംസ്‌കാരിക നായകരും കാടാച്ചിറയിലെ  ചടങ്ങിൽ പങ്കെടുക്കും.. പഞ്ചായത്തിലെ കോൺഗ്രസ് നിയന്ത്രണ ത്തിലുള്ള ക്ലബ്ബുകളുടെ സഹകരണത്തോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ദേശ രക്ഷാബന്ധൻ ചടങ്ങ് സംഘടിപ്പിക്കും.സാഹോദര്യത്തിന്റെ ആഘോഷമായ രക്ഷാബന്ധൻ പോലും വർഗീയവൽക്കരിച്ച് യുവജനങ്ങളിൽ വർഗീയത വളർത്തുന്നതിന് എതിരെയാണ് ദേശ രക്ഷാബന്ധൻ എന്ന് യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Latest News