മുംബൈ ധാരാവിയിലെ ചേരിയെ വ്യാവസായിക ടൗൺ ഷിപ്പാക്കി മാറ്റാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഏഴ് വർഷത്തിനകം പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാവുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ കഴിയുന്ന പത്ത് ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ആധുനിക സൗകര്യങ്ങളുള്ള ഫഌറ്റുകളിലേക്ക് മാറ്റി പാർപ്പിക്കുമെന്നതാണ് പദ്ധതിയുടെ ഗുണവശം.
ഇന്ത്യയുടെ വാണിജ്യ തലസ്ഥനമായ മുംബൈ മഹാ നഗരത്തിലാണ് ഏഷ്യ - പസഫിക് മേഖലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരി. പത്ത് ലക്ഷത്തിലേറെയാണ് ധാരാവി ചേരിയിലെ ജനസംഖ്യ. മുംബൈ എന്ന മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അതിബൃഹത്തായ ഒരു ചേരിപ്രദേശമാണിത്. ഏകദേശം 2.5 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ധാരാവി സ്ഥിതി ചെയ്യുന്നത് തെക്കൻ മുംബൈയിൽ ബാന്ദ്ര കുർള സമുച്ചയത്തിന് സമീപമാണ്. ഇടുങ്ങിയ പാതകളും ജീർണിച്ച കെട്ടിടങ്ങളുമുള്ള ഈ സെറ്റിൽമെന്റായ രണ്ട് പ്രധാന റെയിൽവേ ലൈനുകൾക്കിടയിലെ ഈ പ്രദേശത്തിന് റിയൽ എസ്റ്റേറ്റ് പ്രാധാന്യമേറെയാണ്. സമ്പന്നതയും ദാരിദ്ര്യവും കെട്ടുപിണഞ്ഞു കിടക്കുന്ന യഥാർഥ ഇന്ത്യയുടെ പരിഛേദം.
ഇവിടെ 240.35 ഏക്കറിൽപരം ഭൂമി. അതിനുള്ളിലാണ് ദശലക്ഷം പേർ കഴിയുന്നത്. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 3,54,167. ഇവിടെ പതിനയ്യായിരം ഒറ്റ മുറി വ്യവസായ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. അയ്യായിരം ബിസിനസ് യൂനിറ്റുകളുടെ കേന്ദ്രം കൂടിയാണിത്. താഴ്ന്ന വരുമാനക്കാരായ വിവിധ ജോലികളിലേർപ്പെടുന്നവരുടെ ആവാസ കേന്ദ്രമാണിത്. മരുന്നുകൾ, ലെതർ, പാദരക്ഷകൾ, വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ നിർമിക്കുന്ന നിരവധി ചെറുകിട, അസംഘടിത വ്യവസായങ്ങളുടെ കേന്ദ്രമാണിത്.
2009 ൽ ധാരാവി കേന്ദ്രീകരിച്ച് നിർമിച്ച സ്ലംഡോഗ് മില്യണയർ എന്ന സിനിമയുടെ റിലീസിന് ശേഷമാണ് പ്രദേശം ദേശീയ ശ്രദ്ധയാകർഷിച്ചത്. ഈ ചിത്രം ഓസ്‌കർ അവാർഡുകളും മറ്റ് അഭിമാനകരമായ നിരവധി അവാർഡുകളും നേടി. വിഖ്യാത സിനിമയിലൂടെ ലോകം മുഴുവൻ കണ്ടത് ഇന്ത്യൻ ജീവിതത്തിന്റെ പ്രതീകമായ പ്രദേശമാണ്. ആ കാഴ്ച ഇനി അധിക കാലമുണ്ടാവില്ല.
പതിനെട്ടാം നൂറ്റാണ്ടിൽ ധാരാവി ഒരു കണ്ടൽകാടിന്റെ ചതുപ്പുനിലം മാത്രമായിരുന്നു, അത് പിന്നീട് മത്സ്യബന്ധന ഗ്രാമമായി മാറി. മുംബൈ വ്യാവസായികമായി മാറാൻ തുടങ്ങിയപ്പോൾ തോൽപണിക്കാർ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കാൻ തുടങ്ങി. താമസിയാതെ സൗരാഷ്ട്രയിൽ നിന്നും കച്ചിൽ നിന്നുമുള്ള കുശവന്മാർ അവരെ പിന്തുടർന്നു. രണ്ട് വശങ്ങളിലായി റെയിൽവേ ലൈനുകളും മൂന്നാമത് ഒരു നദിയും ഉള്ളതിനാൽ ജനസാന്ദ്രതയേറിയ ധാരാവി ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള സംസ്‌കാരങ്ങളുടെയും കുടിയേറ്റ സമൂഹങ്ങളുടെയും സംഗമ ഭൂമിയാണ്.
ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ ഏവർക്കും ആശങ്ക ധാരാവിയിലെ മനുഷ്യരെ കുറിച്ചായിരുന്നു. സാമൂഹിക അകലം പാലിക്കുകയെന്നതൊന്നും ഇവിടെ പ്രായോഗികമല്ലെന്നത് തന്നെ കാര്യം. എന്നാൽ കോവിഡ് ആശങ്കയെ പിടിച്ചു നിർത്തിയ ധാരാവി മോഡലിനെ ലോകം സ്തുതിക്കുന്നതാണ് പിന്നീട് കണ്ടത്.
കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്ന കാര്യത്തിൽ ലോകത്തെ ഏറ്റവും വികസിതമായ നഗരങ്ങൾക്ക് പോലും മാതൃകയായി മാറുകയായിരുന്നു മുംബൈ. ഒരു മില്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവി കോവിഡിന്റെ പിടിയിൽ അമർന്നുപോയിരുന്നുവെങ്കിൽ ഇന്ത്യയുടെ കോവിഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഇതിലും എത്രയോ ആപൽക്കരമായിരുന്നേനേ. ധാരാവിക്ക് മഹാമാരികൾ പുതുതല്ല. 1896 ൽ മുംബൈ നഗരത്തെ ബാധിച്ച പ്‌ളേഗ് രോഗം ഇവിടത്തെ പാതിയോളം ജനങ്ങളുടെയും ജീവൻ അപഹരിച്ച ശേഷമാണ് ശമിച്ചത്.
മുംബൈയെ ചേരിവിമുക്തമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ധാരാവിയുടെ പുനർവികസനം. ഈ ലക്ഷ്യം മുൻനിർത്തി 1990 കളുടെ മധ്യത്തിൽ മഹാരാഷ്ട്ര സർക്കാർ ചേരി പുനരധിവാസ അതോറിറ്റി (എസ്ആർഎ) രൂപീകരിച്ചിരുന്നു. എന്നാൽ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ അത്ര ശ്രദ്ധേയമായിരുന്നില്ല. 2021-22 ലെ മഹാരാഷ്ട്ര സാമ്പത്തിക സർവേ പ്രകാരം 1995 മുതൽ 2021 ഓഗസ്റ്റ് വരെ 2067 പ്രോജക്ടുകൾ പൂർത്തീകരിക്കുകയും ചേരികളിൽ താമസിക്കുന്ന 2,23,471 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 13 നാണ് 5069 കോടി രൂപക്ക് അദാനി ഗ്രൂപ്പുമായി അന്തിമ കരാറിലെത്തിയത്.
2022 നവംബർ 29 ന് അദാനി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അദാനി റിയൽറ്റി 5069 കോടി രൂപ ലേലത്തിൽ വാങ്ങിയ 20,000 കോടി രൂപയുടെ ധാരാവി പുനർവികസന പദ്ധതിയെ 'ലോകത്തിലെ ഏറ്റവും വലിയ നഗര നവീകരണ പദ്ധതി' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഏഴ് വർഷത്തിനുള്ളിൽ കുടിലുകൾ പൊളിച്ച് താമസക്കാരെ 300 ചതുരശ്ര അടി ഫ്ളാറ്റുകളിൽ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇപ്പോൾ ധാരാവിയിൽ 100 മുതൽ 150 ചതുരശ്ര അടി വരെയുള്ള വീടുകളിലാണ് ആളുകൾ താമസിക്കുന്നത്. സർക്കാർ ഞങ്ങൾക്ക് 405 ചതുരശ്ര അടി വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് മികച്ചതാണെന്നതിൽ തർക്കമില്ലെന്ന വിലയിരുത്തലിലാണ് പ്രദേശവാസികൾ. മാത്രവുമല്ല, ഓരോ ഫഌറ്റിനും പാചകവാതകം, വൈദ്യുതി, ജലം, ശുചിമുറി, ഓവുചാൽ എന്നീ സൗകര്യങ്ങൾ
ഏർപ്പെടുത്തുകയും ചെയ്യും.
ധാരാവി പുനരധിവാസ പദ്ധതി പൂർത്തിയാകാൻ 17 വർഷമെടുക്കുമെന്നാണ് സൂചന. ആദ്യഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഈ വർഷം തന്നെ നിർമാണ പദ്ധതികൾക്ക് തുടക്കവുമാകും. ധാരാവിയുടെ പുനർവികസനത്തോടെ പത്ത് ലക്ഷത്തിലധികം ആളുകളുടെ ജീവിതം മെച്ചപ്പെടുമെന്ന് അധികൃതർ അവകാശപ്പെടുന്നു. ഒന്നേകാൽ ലക്ഷത്തോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഒരു കുടിലിൽ തന്നെ നാലും അഞ്ചും കുടുംബങ്ങൾ കഴിയുന്നു. പുനരധിവാസ പദ്ധതി വരുമ്പോൾ ഒരു കുടിലിന് ഒരു ഫ്‌ളാറ്റ് എന്നായിരിക്കും. അവിടെ ഇത്രയാളുകളെ ഉൾക്കൊള്ളാൻ സാധിക്കില്ല. പോരാത്തതിന് സ്വന്തം കുടിലിൽ തന്നെ ബിസിനസ് നടത്തുന്നവരും ധാരാളമാണ്. ഇഡ്ഡലി പോലുള്ള ഭക്ഷ്യവസ്തുക്കൾ അവിടെത്തന്നെ ഉണ്ടാക്കി വിൽക്കുന്നവരാണിവർ. അതാണ് ജീവിതോപാധിയും. പുനരധിവാസം വരുന്നതോടെ ഫ്‌ളാറ്റിലാവും ജീവിതം. കൂറ്റൻ സമുച്ചയത്തിലെ പതിനഞ്ചാം നിലയിൽ താമസിക്കുന്ന ഗുജറാത്തിൽ നിന്നുള്ള കലമുണ്ടാക്കുന്നവൻ ലിഫ്റ്റിലൂടെ ഉൽപന്നം താഴെയെത്തിക്കുന്നതിലൊക്കെ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
മുംബൈ ധാരാവിയിലെ ചേരിയെ വ്യാവസായിക ടൗൺഷിപ്പാക്കി മാറ്റാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഏഴ് വർഷത്തിനകം പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാവുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ കഴിയുന്ന പത്ത് ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ആധുനിക സൗകര്യങ്ങളുള്ള ഫഌറ്റുകളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നതാണ് പദ്ധതിയുടെ ഗുണവശം.
ധാരാവിയുടെ പുനർവികസനം സെൻട്രൽ മുംബൈയുടെ മുഖഛായ മാറ്റുമെന്ന് അധികാരികൾ വാദിക്കുമ്പോൾ, ചേരി നിവാസികളും ചെറുകിട വ്യവസായ യൂനിറ്റുകളും ധാരാവിയിൽ നിന്ന് മാറ്റപ്പെടുമോ എന്ന ആശങ്കയിലാണ്. ഇതനൊരു കാരണം ദാദറിലെ റെയിൽവേ ഭൂമി ഏറ്റെടുത്ത് പുനരധിവസിപ്പിക്കാനായി ഇടക്കാലത്ത് നടത്തിയ ആലോചനകളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങൡ നിന്നെത്തി മഹാ നഗരത്തിൽ കുടിയേറി ജീവിച്ചു തുടങ്ങിയവരുടെ താമസ രേഖകൾ സംബന്ധിച്ച ഔദ്യോഗിക തീർപ്പു കൽപപ്പിക്കൽ കൂടുതൽ സങ്കീർണതകൾ ക്ഷണിച്ചു വരുത്തുമോയെന്ന ആശങ്കയുമുണ്ട്.