Sorry, you need to enable JavaScript to visit this website.

മഴക്കെടുതി തുടരുന്നു  ഒമ്പത് മരണം, നാല് പേരെ കാണാതായി

എറണാകുളം നഗരത്തിൽനിന്നുള്ള ദൃശ്യം.

തിരുവനന്തപുരം - ഒരാഴ്ചയായി സംസ്ഥാനത്ത് തുടരുന്ന കാലവർഷക്കെടുതിയിൽ ഇന്നലെ ഒമ്പത് പേർകൂടി മരിച്ചു. നാല് പേരെ കാണാതായി. മധ്യകേരളത്തിലാണ് ഇന്നലെ ശക്തമായ കാറ്റും മഴയും  കനത്ത നാശം വിതച്ചത്. ഇതുവരെ 11 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റവന്യുവകുപ്പിന്റെ പ്രാഥമികമായ വിലയിരുത്തൽ.
വെള്ളക്കെട്ടിൽ കളിക്കവെ ഇലക്ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് കൊല്ലം തേവലക്കര പാലയ്ക്കൽ വൈഷ്ണവത്തിൽ രാധാകൃഷ്ണപിള്ള-ലേഖ ദമ്പതികളുടെ മകൻ അനൂപ് (12), വീടിനു മുകളിലേക്കു വീണ മരക്കൊമ്പ് മുറിച്ചുമാറ്റവെ ചവറ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ബെനഡിക്ട് (40), മലപ്പുറം ചങ്ങരംകുളം കാഞ്ഞിയൂരിൽ കുളത്തിൽ വീണ് വിദ്യാർഥി  കിഴിഞ്ഞാലിൽ അബ്ദുൽ റഹീമിന്റെ മകൻ അദ്‌നാൻ(14), കണ്ണൂർ കരിയാട് തോട്ടിലെ ഒഴുക്കിൽപ്പെട്ട് പാർത്തും വലിയത്ത് നാണി(70) എന്നിവരാണ് മരിച്ചത്. വയനാട് പേരിയ മുപ്പത്തെട്ടാം മൈലിൽ തോട്ടിൽ കാണാതായ ഏഴു വയസുകാരൻ അജ്മലിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി മണിമലയാറ്റിൽ ചെറുവള്ളി സ്വദേശി ശിവൻകുട്ടി(50) മുങ്ങിമരിച്ചു.
മഴയെ തുടർന്ന് ഒറ്റപ്പെട്ട കോതമംഗലം മണികണ്ഠൻ ചാലിൽ ചികിത്സ വൈകി ഒരാൾ മരിച്ചു. വെള്ളാരം കുത്ത് ആദിവാസി കോളനിയിൽ താമസിക്കുന്ന ടോമി(51)യാണ് മരിച്ചത്. ഞായറാഴ്ച കാണാതായ രാജാക്കാട് എൻ.ആർ സിറ്റി  വിഷ്ണുവിന്റെ മൃതദേഹം വീടിനു സമീപത്തെ പടുതാക്കുളത്തിൽ കണ്ടെത്തി. കാണാതായ മലപ്പുറം തേഞ്ഞിപ്പലം  മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാർക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായിൽ ബൈജു എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. പമ്പയാറിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി. ചേർത്തല സ്വദേശി ഗോപകുമാറിനെ(38)യാണ് കാണാതായത്.  
സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. 
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്കാണ് അവധി. ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയായിരിക്കും. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 
മഹാത്മാഗാന്ധി സർവ്വകലാശാല ചൊവ്വാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. 
കണ്ണൂർ സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ആരോഗ്യ സർവകലാശാലയുടെ കീഴിൽ ചൊവ്വാഴ്ച ബി.ഫാം പരീക്ഷകൾ മാത്രമാണു നടക്കുന്നത്. അതും ഉച്ചയ്ക്കുശേഷം. ആയതിനാൽ രാവിലത്തെ സ്ഥിതിഗതികൾ നോക്കിയശേഷം പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നു പരീക്ഷാ കൺട്രോളറും ഡീനും അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിൽ വ്യാപക നാശമുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് എറണാകുളത്ത് സിഗ്നൽ സംവിധാനം തകരാറിലായതോടെ മധ്യകേരളത്തിൽ തീവണ്ടി ഗതാഗതം താറുമാറായി. 
ശക്തമായ മണ്ണിടിച്ചിലിൽ ഇടുക്കി നാളിയാനി  കുളമാവ് റോഡ് ഒലിച്ചുപോയി. 150  കുടുംബങ്ങൾ ഒറ്റപ്പെട്ടു. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി. റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടു. തലശ്ശേരി ധർമടത്ത് ശക്തമായ കാറ്റിൽ അഞ്ചുവീടുകൾ തകർന്നു. മാലൂരിൽ വീട് തകർന്ന് രണ്ട് പേർക്ക് പരുക്കേറ്റു. കോഴിക്കോട് ചുണ്ടത്തുംപൊയിലിൽ ക്രഷറിലെ തടയണ പൊട്ടി കൃഷിയിടം ഒലിച്ചുപോയി. പാലക്കാട് നെല്ലിയാമ്പതി നൂറടിപ്പാലത്ത് നിരവധി വീടുകളിൽ വെളളം കയറി. വീടുകളിലുള്ളവരെ സ്വകാര്യ ലോഡ്ജിലേക്ക് മാറ്റി. തൃശൂരിലും കനത്ത മഴ തുടരുകയാണ്. കൊടുങ്ങല്ലൂരിൽ മാത്രം നാനൂറിലധികം വീടുകൾ വെള്ളത്തിനടിയിലായി.
ഇടുക്കിയിൽ മേത്തൊട്ടിയിൽ ഒരു വീട് ഒലിച്ച് പോയി. കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാർ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇടുക്കിയിലെ വിനോദസഞ്ചാരമേഖലകൾ ഒറ്റപ്പെട്ടു. കൊച്ചി-ധനുഷ്‌ക്കോടി പാത, സൈലന്റ് വാലി റോഡ്, കുമളി എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഓൾഡ് മൂന്നാർ മേഖലയിലും മിക്കയിടങ്ങളിൽ വെള്ളം കയറി. കനത്ത മഴയിൽ മൂന്നാർ ഒറ്റപ്പെട്ടു. മുതിര പുഴയാർ കരകവിഞ്ഞ് ഒഴുകുകയാണ്. 150 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. എഴുപുന്നയിലും മുളന്തുരുത്തിയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് എറണാകുളത്തു നിന്നും കോട്ടയം ആലപ്പുഴ റൂട്ടുകളിലൂടെയുള്ള തീവണ്ടി ഗതാഗതം സ്തംഭിച്ചു.          

 

Latest News