Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസിലെ ഒത്തുതീർപ്പും കോടികളുടെ ഇടപാടും; ജോർജ് എം തോമസിനെതിരെ പോലീസ് അന്വേഷണം

കോഴിക്കോട് - സി.പി.എം സസ്‌പെൻഡ് ചെയ്ത പാർട്ടി കോഴിക്കോട് ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം തോമസിനെതിരെ പോലീസ് അന്വേഷണം. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്റെ  പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.  പണം വാങ്ങി പോക്‌സോ കേസ് ഒത്തുതീർപ്പാക്കി, സാമ്പത്തിക ക്രമക്കേടുകൾ നടത്തി കോടികളുടെ ഇടപാടുകൾക്ക് കൂട്ടുനിന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം ജോർജ് എം തോമിസിനെതിരെ അച്ചടക്ക സ്വീകരിച്ചത്. പൊതുഫണ്ട് ദുരുപയോഗം ചെയ്തതിന് പാർട്ടി നടപടി മാത്രം പോര, പോലീസ്, വിലിജൻസ് നടപടികൾ അടക്കം വേണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് അന്നേ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇതോട് സി.പി.എം അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല. പരാതി പാർട്ടി ഇതുവരെയും പോലീസിന് നൽകിയിട്ടുമില്ല. ആയതിനാൽ തന്നെ പോലീസ് അന്വേഷണം എത്രത്തോളം സത്യസന്ധമായി മുന്നോട്ടു പോകുമെന്ന് കണ്ടറിയണം.
 ജോർജ് എം തോമസിനെതിരെ പാർട്ടി നടപടി സ്വീകരിക്കാൻ നിർബന്ധിതമായത് ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നും ആയതിനാൽ ഇക്കാര്യങ്ങളിൽ പോലീസ് അന്വേഷണം വേണമെന്നുമാണ് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ അടക്കമുള്ളവർ ഡി.ജ.ിപി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിലുള്ളത്. പരാതിയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി നാളെ വടകര റൂറൽ എസ്.പി ഓഫീസിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടതായി ബാലകൃഷ്ണൻ അറിയിച്ചു. പോലീസ് നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Latest News