മലപ്പുറം - മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോട്ടക്കൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് അവിടെ ചികിത്സയിലുള്ള രാഹുൽ എം.ടിയുമായി കൂടിക്കാഴ്ച നടത്തിയത്.
എം.ടിയുടെ പുസ്തകങ്ങളേക്കുറിച്ചും സിനിമകളേക്കുറിച്ചും സംസാരിച്ച രാഹുൽ, എം.ടിയുടെ ചലച്ചിത്രമായ നിർമാല്യത്തെയും വിഖ്യാത നോവൽ രണ്ടാമൂഴത്തെക്കുറിച്ചും പരാമർശിച്ചു. ഒപ്പം ആരോഗ്യവും പൊതുവിഷയങ്ങളുമെല്ലാം ചർച്ചയിൽ ഇടം പിടിച്ചു. കൂടിക്കാഴ്ചയ്ക്കിടെ രാഹുലിന് എം.ടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. ഈ പേന നിധി പോലെ സൂക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സർഗാത്മകതയുടെയും അറിവിന്റെയും പ്രതീകമാണ് എം.ടിയെന്നും രാഹുൽ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.
എല്ലാ വർഷത്തിലും കർക്കടകത്തിൽ പതിവുള്ള ചികിത്സയ്ക്കായാണ് എംടി കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്. 14 ദിവസമാണ് ചികിത്സ. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയും ചികിത്സയ്ക്കായി കോട്ടക്കലിൽ എത്തിയത്.