ആലപ്പുഴ - മണിപ്പുരിൽ നടക്കുന്നത് വർഗീയ പ്രശ്‌നമല്ലെന്നും ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രമാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. സംസ്ഥാന സർക്കാർ കുടുംബശ്രീയെ മണിപ്പുർ വിഷയത്തിൽ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നാരോപിച്ച് മഹിളാ മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്ലക്കുട്ടി.
മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ പ്രശ്‌നം അല്ല. ഗോത്രങ്ങൾ തമ്മിലുള്ള തർക്കമാണ്. ഇത് ബി.ജെ.പിയുടെ ഭരണകാലത്ത് തുടങ്ങിയതല്ല. കോൺഗ്രസിന്റെ കാലത്തും തുടങ്ങിയതല്ല. അതിനു മുമ്പേയുള്ളതാണ്. പക്ഷേ, ബിജെപി വന്നപ്പോൾ അവിടെ സൈനികർ മരിച്ചുവീഴുന്നത് കുറഞ്ഞു. കലാപങ്ങളും കുറഞ്ഞു. സാധാരണക്കാർ മരിച്ചുവീഴുന്നതും കുത്തനെ കുറച്ചു കൊണ്ടുവരാൻ ബി.ജെ.പിക്ക് സാധിച്ചതായി അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു.
നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായത്തോട് കാണിച്ചത് വലിയ ക്രൂരതയാണ്. ഹിന്ദു സമുദായ വിശ്വാസികളെ മുഴുവൻ അപമാനിച്ച് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുകയാണ്.
ഷംസീർ സ്പീക്കർ പദവിയിൽ മാത്രമല്ല, എംഎൽഎ പദവിയിൽ പോലും ഇരിക്കാൻ യോഗ്യനല്ല. റിയാസും ഷംസീറും തമ്മിൽ മത്സരിക്കുകയാണ്, ജിഹാദികളുടെയും മുസ്‌ലിം യാഥാസ്ഥിതികരുടെയും പിന്തുണ നേടാൻ. ഷംസീറെ നിങ്ങൾ പറയുന്നു, പുഷ്പക വിമാനം അന്ധവിശ്വാസമാണെന്ന്. ഗണപതി അന്ധവിശ്വാസമാണെന്ന്. ഞാൻ ചോദിക്കട്ടെ, മുസ്‌ലിം സമുദായത്തിൽ മഹാഭൂരിപക്ഷം വിശ്വസിക്കുന്നത് ആദ്യത്തെ ബഹിരാകാശ യാത്രികൻ പ്രവാചകൻ മുഹമ്മദ് നബി എന്നാണ്. പ്രവാചകൻ യാത്ര ചെയ്തത് ഒരു കുതിരപ്പുറത്താണ്. ആകാശത്തു പോയി അല്ലാഹുവിനെ കണ്ട് തിരിച്ചുവന്നു. പ്രവാചകൻ ആ കുതിരപ്പുറത്ത് യാത്ര ചെയ്തതിനെപ്പറ്റി അന്ധവിശ്വാസമാണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോയെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു.
ജനപിന്തുണ നഷ്ടപ്പെട്ടപ്പോൾ പിണറായി വിജയന് എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ മൈക്ക് ഓപ്പറേറ്ററെ ചീത്ത പറയുമോ? കേസെടുക്കുമോ? അദ്ദേഹത്തിന് തലയ്ക്ക് വെളിച്ചം ഇല്ലെന്നു മാത്രമേ പറയാനുള്ളൂവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു..