തിരുവനന്തപുരം- മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെ മൈക്കും ആംപ്ലിഫയറും കേബിളും പോലീസ് തിരിച്ചുനൽകി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ തിരിച്ചുനൽകിയത്. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം മതിയെന്നാണ് നിർദേശം. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇതോടെ കസ്റ്റഡിയിലെടുത്ത മൈക്ക് സെറ്റ് ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു. തുടർ നടപടി ഉണ്ടാകില്ലെന്നും ഉടമയ്ക്ക് പൊലീസ് ഉറപ്പ് നൽകി. എസ്.വി സൗണ്ട്‌സ് ഉടമ രഞ്ജിത്തിനാണ് മുഴുവൻ ഉപകരണങ്ങളും കന്റോൺമെന്റ് പോലീസ് തിരികെ നൽകയത്. സൗണ്ട് എഞ്ചിനീയറുടെ സഹായത്തോടെ ആംപ്ലിഫയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പരിശോധിച്ചു. മൈക്ക് തകരാർ മനഃപൂർവമല്ലെന്ന് ഉടമ വ്യക്തമാക്കിയിരുന്നു. വലിയ തിരക്കിൽ ആളുകളുടെ കൈ തട്ടിയതിനെത്തുടർന്നായിരുന്നു മൈക്ക് ഏതാനും സെക്കന്റ് പണിമുടക്കിയത് എന്ന് ഉടമ വ്യക്തമാക്കിയിരുന്നു.