കൊച്ചി- സൗദി അറേബ്യയിലേക്ക് തൊഴിൽ വീസ തേടുന്നവർക്ക് തൊഴിൽ വൈദഗ്ധ്യ പരീക്ഷയ്ക്ക് സൗകര്യമൊരുക്കി ഇറാം ഗ്രൂപ്പ്. തൊഴിൽ വിസക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് 89 തസ്തികകളിൽ വൈദഗ്ധ്യ പരീക്ഷ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ വ്യക്തമാക്കിയത്. സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം ടെസ്റ്റാണ് നടത്തുക. ഈ ടെസ്റ്റിനാണ് ഇറാം ഗ്രൂപ്പ് സൗകര്യമൊരുക്കിയത്.
സൗത്ത് ഇന്ത്യയിൽ കേരളത്തിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള എസ്‌പോയർ അക്കാദമിയിൽ നിലവിൽ അഞ്ചു തൊഴിലുകൾക്ക് ഈ വൈദഗ്ധ്യ പരീക്ഷ നടത്താൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലംബിംഗ്, വെൽഡിംഗ്, ഇലക്ട്രീഷൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷൻ, എച്ച്.വി.എ.സി തുടങ്ങിയ തൊഴിലുകളിൽ നിലവിൽ എസ്‌പോയർ അക്കാദമിയിൽ എസ്.വി.പി ടെസ്റ്റ് ലഭ്യമാണ്.എസ്‌പോയറിൽ ഈ തൊഴിൽ വൈദഗ്ധ്യ പരീക്ഷ എഴുതി പാസാകുന്നതോടെ സർക്കാൻ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.
എസ്.വി.പി ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് www.eramskills.in വെബ് സൈറ്റിലൂടെയോ അല്ലെങ്കിൽ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസിയുമായോ ബന്ധപ്പെടണം. പതിനാലിൽ അധികം രാജ്യങ്ങളിലായി മുപ്പതിലധികം കമ്പനികളും നൂറ്റമ്പതിൽപരം ഓഫീസുകളും ഉള്ള ഇറാം ഗ്രൂപ്പ് (ഇറാം ടെക്നോളജീസ്) കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നോൺ ഫണ്ടിംഗ് പാർട്ട്ണർ ആണ്.
കൂടാതെ കേരള സർക്കാരിന്റെ കെ.എ.എസ്.ഇ, അസാപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയ്‌നിംഗ് ആൻഡ് ഓപ്പറേറ്റിംഗ് പാർട്ട്ണറുമാണ്.കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്-ഇൻഡോ അറബ് കോ ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും.