കൊച്ചി - പോക്സോ കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരായ വിവാദ പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതായാണ് വിവരം.
കലാപാഹ്വാനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലാണ് എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. അതിനിടെ, കെ സുധാകരൻ കഴിഞ്ഞദിവസം നൽകിയ പരാതിയെ നിയമപരമായി നേരിടുമെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.