Sorry, you need to enable JavaScript to visit this website.

കൊച്ചി ബിസിനസ് ജെറ്റ് ടെർമിനലിൽ ഈ വർഷം 1000 വിമാനങ്ങളെത്തും

നെടുമ്പാശ്ശേരി- രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം  1000 വിമാനങ്ങളെത്തുമെന്ന് പ്രതീക്ഷ. കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ ഇവിടെ 562 വിമാനങ്ങൾ പറന്നിറങ്ങിയതോടെയാണ് സംസ്ഥാനത്തെ വ്യവസായന്തരീക്ഷത്തിനും ടൂറിസത്തിനും ഉണർവേകാൻ ബിസിനസ് ജെറ്റ് ടെർമിനലിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് വിലയിരുത്തുന്നത്. ഐ.പിഎൽ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങൾ ബിസിനസ് ടെർമിനലിലാണെത്തിയത്. കഴിഞ്ഞ ഡിസംബർ 23ന് ഐ.പി.എൽ താരലേലത്തിന് എത്തിയവരുമായി 10 വിമാനങ്ങളാണ് ഇവിടെ പറന്നിറങ്ങിയത്. വരുംനാളുകളിലും ഇതുവഴി കേരളത്തിലേക്ക് വരുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുവെന്നും ഇതുസംബന്ധിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചാർട്ടർ ഗേറ്റ് വേയും ആരംഭിച്ചതോടെ പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസുകൾക്കും വിനോദ സഞ്ചാരത്തിനുമായി കുറഞ്ഞ ചിലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സാധിക്കുന്നുണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേത്. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ കാർ പാർക്കിങ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലൗഞ്ചുകൾ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിദേശ നാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ഈ ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, അതീവസുരക്ഷ ആവശ്യമുള്ള വിഐപി അതിഥികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. വെറും രണ്ട് മിനിറ്റ് കൊണ്ട് കാറിൽ നിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുന്നു എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ കൂടുതൽ ചലനാത്മകമാക്കാൻ കഴിയുന്ന ഒന്നാണിതെന്ന കാര്യം യാഥാർഥ്യമാകുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.

Latest News