തിരുവനന്തപുരം - ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്കിലുണ്ടായ അപശബ്ദത്തിൽ വിശദീകരണവുമായി മൈക്ക് ഓപറേറ്റർ രഞ്ജിത്. ഉണ്ടായത് സാങ്കേതിക പ്രശ്‌നം മാത്രമാണ്. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്. തിരക്കിൽ ആളുകളുടെ കൈ കൺസോളിൽ തട്ടിയതാണ് ശബ്ദം കൂടാൻ കാരണമെന്നും 10 സെക്കൻഡിനുള്ളിൽ പ്രശ്‌നം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
കന്റോൺമെന്റ് സി.ഐ വിളിച്ചപ്പോഴാണ് കേസ് വിവരം അറിഞ്ഞത്. കേസെടുത്തുവെന്ന് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ദേശീയ നേതാക്കൾക്കും ഉൾപ്പെടെ പലർക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. 17 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള ഒരു കേസനുഭവം ആദ്യമാണ്. കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും തിരികെ ലഭിച്ചിട്ടില്ല. പരിശോധനയ്ക്കു ശേഷം തിരികെ നൽകുമെന്നാണ് പറഞ്ഞത്.
ഉമ്മൻചാണ്ടി അനുസ്മരണ പരിപടിയിൽ മൈക്കിന്റെ കൺസോൾ വെച്ചിരുന്നത് സ്റ്റേജിന്റെ വലതു വശത്തെ നടക്ക് സമീപമായിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ക്യാമറമാൻമാരും ബാഗും മറ്റും കേബിളിൽ തട്ടുകയുണ്ടായി. അങ്ങനെ കൺസോളിൽ തട്ടി ശബ്ദം കൂടിയപ്പോഴാണ് ഹൗളിങ് ഉണ്ടായത്. പരിപാടികൾക്കിടയിൽ ഹൗളിങ് സാധാരണമാണെങ്കിലും തിരക്കിനിടയിൽ കൺസോളിന്റെ സമീപമെത്താൻ ഓപ്പറേറ്റർക്ക് 10 സെക്കൻഡിൽ താഴെ സമയം മാത്രമേ വേണ്ടിവന്നുള്ളൂവെന്നും രഞ്ജിത് പറഞ്ഞു.
സംഭവത്തിൽ എഫ്.ഐ.ആർ ഇട്ടിരിക്കുകയാണ് കന്റോൺമെന്റ് പോലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. എന്നാൽ ആരേയും പ്രതി ചേർത്തിട്ടില്ല.