തിരുവനന്തപുരം - മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവും.
സാങ്കേതിക പ്രശ്‌നത്തിന് പോലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് വിമർശം. 'മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന്' യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ സർക്കാറിനെ പരിഹസിച്ചു.
'കാലം തെളിയിക്കുകയാണ് ആരാണ് കുഞ്ഞൂഞ്ഞെന്നും ആരാണ് പിണറായിയെന്നും, ഇങ്ങേരെ ചടങ്ങിലേക്ക് ക്ഷണിക്കാൻ നിർബന്ധിച്ച 'മുതിർന്ന' നേതാക്കളെതന്നെ ഒന്നാം പ്രതി ആക്കണം. ഇതുപോലൊരു തോൽവി, മൈക്കിനെ ജീവപര്യന്തം ശിക്ഷിച്ചേക്കും, ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാത്തത് ഭാഗ്യം എന്നിങ്ങനെ വിവിധ പ്രതികരണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ എഫ്.ബിക്കു താഴെ പലരും കുറിച്ചത്. കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. കേരളാ പോലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരമാണ് (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യൽ) കേസെടുത്തത്.