തിരുവനന്തപുരം - മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവേ മൈക്കിന് തകരാറുണ്ടായതിനെചൊല്ലി പോലീസ് സ്വമേധയാ കേസെടുത്തു.
കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയുടെ തുടക്കത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിന്റെ ശബ്ദത്തകരാർ അലോസരമുണ്ടാക്കിയത്. പിന്നീട്, പെട്ടെന്നു തന്നെ തകരാർ പരിഹരിച്ച് മുഖ്യമന്ത്രി പ്രസംഗം തുടരുകയുമുണ്ടായി.
കേരളാ പോലീസ് ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊതു സുരക്ഷയിൽ വീഴ്ച വരുത്തുന്ന പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യൽ എന്ന കുറ്റപ്രകാരമാണ് കേസെടുത്തതെന്നാണ് വിവരം.