തലശേരി-ഹിന്ദു മതവിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിച്ചെന്ന് ആരോപിച്ച്, സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ഭീഷണിയുമായി യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.ഗണേഷ്. ഷംസീര്‍ സ്പീക്കറായ ശേഷം നിയമസഭാ ഓഫിസില്‍നിന്ന് ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട രൂപങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്തതായി പ്രതിഷേധ മാര്‍ച്ചിനിടെ ഗണേഷ് ആരോപിച്ചു. മുന്‍പ് സ്പീക്കര്‍മാരായിരുന്ന എം.ബി.രാജേഷിനും ശ്രീരാമകൃഷ്ണനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് ഷംസീറിന് ഉള്ളതെന്നു ചോദിച്ച ഗണേഷ്, സുന്നത്ത് കഴിച്ചു എന്നതാണ് ആ പ്രത്യേകതയെങ്കില്‍ ഹിന്ദു വിശ്വാസത്തെ എക്കാലത്തും ധിക്കരിക്കരുതെന്നും മുന്നറിയിപ്പു നല്‍കി.
'നിങ്ങള്‍ക്കുറപ്പുണ്ടാകും, ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല'- ഗണേഷ് വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ചെന്നാരോപിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ തലശ്ശേരിയിലെ എംഎല്‍എ ഓഫീസിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലാണ് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുടെ വിവാദ പരാമര്‍ശങ്ങള്‍.
''സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണ് ഉള്ളതെങ്കില്‍, ഷംസീറിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഹിന്ദു മതവിശ്വാസങ്ങളെ നിങ്ങള്‍ എല്ലാക്കാലത്തും ഇത്തരത്തില്‍ ധിക്കരിക്കരുത് എന്നാണ്. അതുകൊണ്ട്, ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് ഷംസീര്‍ എത്രയും പെട്ടെന്ന് മാപ്പു പറയുക. അല്ലെങ്കില്‍ മാപ്പു പറഞ്ഞ് അധപതിച്ച സിപിഎമ്മുകാരനായ മാറിനില്‍ക്കുക.'
''ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളുമെന്ന് ഷംസീര്‍ ഒരിക്കലും കരുതരുത് എന്നാണ് യുവമോര്‍ച്ചയ്ക്കു പറയാനുള്ളത്. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇവിടുത്തെ ഡിവൈഎഫ്ഐക്കാരോടും പോലീസുകാരോടും ഞങ്ങള്‍ക്ക് പറയാനുള്ളത് അതു തന്നെയാണ്.'
'ഈ പ്രകടനം ഷംസീറിന്റെ ഓഫിസിലേക്ക് എത്തില്ല, വഴിയില്‍ തടയുമെന്നാണ് ഡിവൈഎഫ്ഐയുടെ വെല്ലുവിളി. നിങ്ങള്‍ ഞങ്ങളെ വഴിയില്‍ തടഞ്ഞാല്‍, തടഞ്ഞ വഴിയില്‍വച്ച് നിങ്ങളെ നേരിട്ടുകൊണ്ടു തന്നെ ഞങ്ങള്‍ സമരം നയിക്കും. എസ്ഡിപിഐക്കാര്‍ ഇപ്പോള്‍ പേടിച്ചാണ് കഴിയുന്നത്. ഇരുട്ടിന്റെ മറവിലാണ് അവരുടെ പ്രവര്‍ത്തനം. അവര്‍ക്ക് നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പോലീസിനെ നേരിടാന്‍ ധൈര്യമില്ല. ഇപ്പോള്‍ എസ്ഡിപിഐക്കാരുടെയും പോപ്പുലര്‍ ഫ്രണ്ടുകാരുടെയും എന്‍ഡിആര്‍എഫുകാരുടെയും ജോലി സിപിഎമ്മും ഡിവൈഎഫ്ഐയും ഏറ്റെടുത്തിരിക്കുകയാണ്. അവര്‍ക്ക് രാഷ്ട്രീയമായി അഭയം കൊടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്.'- ഗണേഷ് പറഞ്ഞു.