Sorry, you need to enable JavaScript to visit this website.

അഴക് വിടർത്തുന്ന അസർബൈജാൻ

അസർബൈജാന്റെ പ്രകൃതിഭംഗി
ബാകുവിലെ ബസ് സ്റ്റേഷൻ
ജിംസൺ, റഷീദ്, സജിത്ത്


 
യാത്ര, ഒരിഷ്ടം അല്ലെങ്കിൽ പാഷൻ എന്നതിൽ ഉപരിജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ കിട്ടുന്ന ചെറിയ ചെറിയ ഇടവേളകൾ രാജ്യാതിർത്തികൾ കടന്നുള്ള യാത്രകൾക്കായി ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായി. അതിനായി വർഷത്തിനിടയിൽ വരുന്ന രണ്ട് പെരുന്നാൾ പൊതുഅവധികളാണ് സാധാരണ ഉപയോഗപ്പെടുത്താറുള്ളത്. വർഷത്തിലെ ഒരു മാസത്തെ വെക്കേഷൻ കുടുംബത്തോടൊപ്പവും. ഈ വർഷത്തെ ബലിപെരുന്നാൾ അവധി ദിനങ്ങൾ എവിടെ ചെലവഴിക്കുമെന്ന അന്വേഷണത്തിനൊടുവിൽ  എത്തിപ്പെട്ടത് ജിദ്ദയിൽ നിന്നും ആ സമയത്തെ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് കാണപ്പെട്ട അസർബൈജാൻ തലസ്ഥാനമായ ബാകുവിലേക്കായിരുന്നു. ആയിരം റിയാലിന് റിട്ടേൺ ടിക്കറ്റ് അടക്കം ശ്രദ്ധയിൽ പെട്ടപ്പോൾ  അങ്ങോട്ടേക്കുള്ള വിസ നടപടിക്രമങ്ങൾ അതേ രാജ്യത്തിന്റെ ഒദ്യോഗിക വിസ ഓൺലൈൻ പേജിൽ പോയി മനസ്സിലാക്കി. ഇന്ത്യക്കാർക്ക് 25 ഡോളറിന് ഒരു മാസത്തെ ടൂറിസ്റ്റ് വിസ കിട്ടും. ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ച് അപേക്ഷിച്ചു കഴിഞ്ഞാൽ പരിശോധനകൾ കഴിഞ്ഞ് മൂന്ന് ദിവസം കൊണ്ട് വിസ ലഭിക്കും. കൂടുതൽ കാശ് അടച്ചാൽ എമർജൻസി ആയി മൂന്ന് മണിക്കൂറിനുള്ളിൽ ഓൺലൈനായി വിസ കിട്ടാനുള്ള സംവിധാനവുമുണ്ട്. 


ഇതിനിടെ അസർബൈജാനിൽ പോവുന്ന കാര്യം ദുബായിലുള്ള സുഹൃത്ത് സജിത്തിനെ അറിയിച്ചിരുന്നു. ഒത്താൽ ഒപ്പം കൂടാമെന്നും ഒപ്പം ജിംസണും ഉണ്ടാവുമെന്നും  സജിത്ത് അറിയിച്ചു. അൻപതോളം രാജ്യങ്ങൾ സന്ദർശിച്ച അനുഭവ സമ്പന്നൻ കൂടിയാണ് തൃശൂർ ചാവക്കാട്ടുകാരനായ സജിത്ത്. അതോടെ എനിക്ക് കൂടുതൽ ആവേശമായി. പെരുന്നാളിന് രണ്ടാഴ്ച മുമ്പ് തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. അതോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിച്ച് ഒരു മാസത്തെ ടൂറിസ്റ്റ് വിസക്കായി അസർബൈജാൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് വിസ ലഭിച്ചു. എവിടെയൊക്കെ യാത്ര ചെയ്താലും ഓരോ രാജ്യത്തിന്റെ വിസ അനുവദിച്ചു കിട്ടുമ്പോഴും ഒരു പ്രത്യേക സന്തോഷം  അനുഭവപ്പെടുമെന്നത് യാഥാർഥ്യമാണ്. അറഫാ ദിനം മുതൽ ആറ് ദിവസങ്ങളാണ് പെരുന്നാൾ അവധിയുള്ളത്. അതുകൊണ്ട് അറഫാ ദിനത്തിന് തന്നെ യാത്രയാവുന്ന രീതിയിൽ ആണ് വിമാന ടിക്കറ്റ് എടുത്തിരുന്നത്. അറഫാ ദിനത്തിന്റെ അന്ന് രാത്രി 12 മണിക്ക് എയർപോർട്ടിൽ എത്തണം. അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും യാത്രാ രേഖകളും തോൾ ബാഗിലാക്കി വൈകുന്നേരം നാലു മണിക്ക് തന്നെ റൂമിൽ നിന്നിറങ്ങി. എങ്ങോട്ടെങ്കിലും യാത്ര തീരുമാനിച്ചാൽ പിന്നെ പുറപ്പെടുന്നതിന്റെ  തലേന്നും പിറ്റേന്നും ഒന്നും ഉറക്കം ഉണ്ടാവില്ല. അതുകൊണ്ട് നേരത്തെ തന്നെ റൂമിൽ നിന്നിറങ്ങി. എയർപോർട്ടിലേക്ക് യാത്രയാക്കാൻ ഇത്തവണ കൂടെ ആരും വേണ്ട എന്നാണ് തീരുമാനം. സാധാരണ സുഹൃത്ത് ജംഷാദിനെയാണ് വിളിക്കാറുള്ളത്. പൊതുഗതാഗത സംവിധാനങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സാപ്റ്റ്‌കോ ബസിൽ ബലദിലേക്ക് ആദ്യ വണ്ടി കയറി. രാജ്യാന്തര യാത്രകൾ നടത്തുമ്പോൾ അത്യാവശ്യത്തിനുള്ള ഡോളറോ യൂറോയോ നിർബന്ധമായും കൈയിൽ കരുതണം. ചില രാജ്യങ്ങളിൽ എല്ലാ കറൻസികളും നമുക്ക് എക്‌സ്‌ചേഞ്ച് ചെയ്യാൻ കഴിയില്ല. ജിദ്ദ  ബലദിലെ എൻ.സി.ബി എ.ടി.എം  മെഷീനിൽ നിന്നും 200 യൂറോ പിൻവലിച്ച് കീശയിൽ ഇട്ടു. ബലദിൽ നിന്നും ഓരോ മണിക്കൂർ ഇടവിട്ട് ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ബസ് സർവീസുണ്ട്.

 

രാത്രി പത്ത് മണി വരെ ബലദിലെ പെരുന്നാൾ തിരക്കൊക്കെ ആസ്വദിച്ച് രാത്രിയിലെ  ഭക്ഷണവും കഴിച്ച് ബസ് സ്റ്റാന്റിലെത്തി. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും എയർപോർട്ട് ബസ് വന്നു. പതിനൊന്ന് മണിക്ക് പുറപ്പെടാനുള്ള ബസിൽ കയറി ഇരുന്നു. ഇനിയാരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും എയർപോർട്ടിലേക്ക് ഡ്രൈവറും ഞാനും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. സർക്കാർ ചെലവ് കുറഞ്ഞതും എത്ര നല്ല പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കിയാലും സാധാരണക്കാരായ നമ്മൾ അതുപയോഗപ്പെടുത്തുന്നില്ല എന്ന് കണ്ടപ്പോൾ  എനിക്ക് നിരാശ തോന്നി. ഈ സർവീസ് നിലനിൽക്കേണ്ട ആവശ്യകത മനസ്സിലാക്കിത്തന്നെയാണ് ബസിനു പോവാൻ തീരുമാനിച്ചത്. ഇരുപത് റിയാലിന് മുപ്പത്തിയഞ്ചു മിനിട്ട് കൊണ്ട് ബസ് എയർപോർട്ട് ടെർമിനൽ ഒന്നിൽ എത്തി. 
ബസിറങ്ങി നേരെ ചെക്ക് ഇൻ കൗണ്ടറിലേക്ക് നടന്നു. ഹജിന്റെ  ദിവസം ആയതുകൊണ്ടാവും എയർപോർട്ടിൽ പൊതുവെ തിരക്ക് കുറവായിരുന്നു. ഹാൻഡ്ബാഗ് മാത്രമാണ് കൈയിലുള്ളത്. ചെക്ക് ഇൻ കൗണ്ടറിൽ പോയി ബോർഡിങ് പാസ് കരസ്ഥമാക്കി. സാധാരണ പോലെ എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്നു. പുലർച്ചെ നാല് മണിക്കാണ് വിമാനം പുറപ്പെടുന്ന സമയം. എല്ലാവരും പെരുന്നാൾ അവധി ആഘോഷങ്ങൾക്കുള്ള പുറപ്പാടിൽ ആണെന്നുള്ളത് വെയ്റ്റിംഗ് ലോഞ്ചിൽ ഇരിക്കുന്ന ആളുകളുടെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു. കൃത്യസമയത്ത് തന്നെ ബോർഡിങ് തുടങ്ങി വിമാനം കൃത്യസമയത്ത് പുറപ്പെട്ടു. രാത്രി ഉറങ്ങാത്തത് കാരണം ഞാൻ വേഗം കണ്ണുകളടച്ച് ഉറങ്ങാൻ ശ്രമിച്ചു. അധികം വൈകാതെ ഒന്ന് മയങ്ങി.


രാവിലെ ലോക്കൽ സമയം പത്ത് മണിക്ക് വിമാനം ബാകു ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. പതിനൊന്ന് മണിക്ക് ഇറങ്ങേണ്ട വിമാനം പത്ത് മണിക്ക് തന്നെ ലാൻഡ് ചെയ്തിരിക്കുന്നു. ആദ്യമായാണ് നിശ്ചയിച്ചതിലും ഒരു മണിക്കൂർ നേരത്തെ വിമാനം പറന്നിറങ്ങിയ അനുഭവം. 
വാസ്തു ശിൽപ എൻജിനീയറിംഗ് വൈവിധ്യങ്ങളാലും ആധുനിക സംവിധാനങ്ങളാലും നിറഞ്ഞു നിൽക്കുന്നു ബാകു എയർപോർട്ട്. യാത്രക്കാരിൽ അധികവും സൗദി പൗരന്മാരാണ്. സൗദി പൗരന്മാർക്ക് ഓൺ അറൈവൽ വിസ ലഭ്യമാണ്. വിമാനം ഇറങ്ങി എമിഗ്രേഷനിലേക്ക് നടക്കുന്ന വഴികളിൽ രണ്ടു വശങ്ങളിലുമായി വിസ പ്രിന്റിംഗ് കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. പാസ്‌പോർട്ട് സ്‌കാൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകിയാൽ സ്വന്തമായി വിസ പ്രിന്റ് ചെയ്‌തെടുക്കാം. സഹായത്തിനായി ഗവൺമെന്റ് ഉദ്യോഗസ്ഥർ ഓരോ കിയോസ്‌കിനടുത്തുമുണ്ട്. വിസ ആദ്യമേ ഉള്ളതുകൊണ്ട് നേരെ എമിഗ്രേഷൻ ക്യൂവിൽ നിന്നു. എന്റെ ഊഴമെത്തി, പാസ്പോർട്ടും വിസ കോപ്പിയും കൊടുത്തു. കൗണ്ടറിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലേക്ക് നോക്കാൻ പറഞ്ഞു. ചോദ്യങ്ങളൊന്നും തന്നെയില്ല. രണ്ട് മിനിറ്റിനുള്ളിൽ പാസ്പോർട്ടിൽ എൻട്രി ചെയ്തു തന്നു.
എമിഗ്രേഷൻ കഴിഞ്ഞ് പുറത്തേക്ക് നടന്നു. പുറത്തിറങ്ങുന്ന വഴിയിൽ മുൻ പ്രസിഡന്റ് ഹൈദർ അലിയേവിനെ കുറിച്ചും എയർപോർട്ട് നിർമാണത്തിന്റെ നാൾവഴികളെ കുറിച്ചും വിവരിക്കുന്ന ഒരു കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. അവിടെയൊക്കെ ഒന്ന് ചുറ്റിക്കണ്ട് എയർപോർട്ടിന് പുറത്തിറങ്ങി. ഹാൻഡ് ബാഗ് മാത്രമായതുകൊണ്ട് വേറെ സ്‌കാനിംഗ് ഒന്നുമില്ല. മൊബൈലിൽ എയർപോർട്ട് വൈഫൈ കണക്ട് ചെയ്തു ദുബായിൽ നിന്നുള്ള സജിത്തിനെ വിളിച്ചു. അവർ രണ്ട് ദിവസം മുമ്പ് ബാകുവിൽ എത്തിയിരുന്നു. അവനും ജിംസണും രാവിലെ തന്നെ മലനിരകളും പച്ചപ്പുകളും നിറഞ്ഞ ഗബാലയിലേക്ക് പോവാനുള്ള പുറപ്പാടിലായിരുന്നു. അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിന്നും ഇരുന്നൂറിലധികം കിലോമീറ്ററുകൾ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലനിരകളാൽ നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് ഗബാല. മലനിരകൾക്ക് മുകളിലൂടെയുള്ള കേബിൾ കാർ സർവീസ് ഇവിടത്തെ പ്രധാന ആകർഷണമാണ്. 


ടാക്‌സി വന്നു, ഞങ്ങൾ ഇറങ്ങുകയാണെന്ന് സജിത്ത് അറിയിച്ചു. നിങ്ങൾ പോയി വാ, ഞാൻ വൈകിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. കൈയിലുള്ള 200 യൂറോയിൽ നിന്ന് നൂറ് യൂറോയെടുത്ത് എയർപോർട്ടിലെ മണിഎക്‌സ്‌ചേഞ്ചിൽ നിന്നും അസർബൈജാൻ കറൻസിയായ മനാത്ത് വാങ്ങി. നൂറ് യൂറോക്ക് 176 മനാത്ത് കിട്ടി. മുൻകൂട്ടി തയാറാക്കിയ പ്രത്യേക പദ്ധതികൾ ഒന്നും ഇല്ലാത്തതുകൊണ്ട് തിരക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്ന വഴിയേ ഇടതു ഭാഗത്ത് പൂർണമായും ഗ്ലാസിൽ ഫ്രെയിം ചെയ്ത് നിർമിച്ച ദീർഘ ഗോളാകൃതിയിലുള്ള ഒരു ബസ് കാത്തിരിപ്പു കേന്ദ്രം കണ്ടു. കാണാൻ തന്നെ ഒരു പ്രത്യേക സൗന്ദര്യത്തിൽ നിർമിച്ചത്. പത്തു പേർക്കെങ്കിലും ഒന്നിച്ചിരിക്കാവുന്ന ശീതീകരിച്ച ഒരിടം. അടുത്ത് തന്നെ ബസിൽ യാത്ര ചെയ്യാനുള്ള ഇലക്‌ട്രോണിക് കാർഡ് ലഭിക്കുന്ന മെഷീനും സ്ഥാപിച്ചിട്ടുണ്ട്. സിറ്റി സെന്ററിലേക്ക് ബസ് സർവീസ് ഉണ്ടെന്ന് ഞാൻ ആദ്യമേ ഇന്റർനെറ്റിൽ നോക്കി മനസ്സിലാക്കിയിരുന്നു. കൂടാതെ ചെലവ് ചുരുക്കി യാത്ര ചെയ്യാനുള്ള ഒരു വഴി കൂടിയാണ് പൊതുഗതാഗത സംവിധാനം. ബസ് കാർഡ് മെഷീനിനടുത്ത് പോയി കുറച്ചു നേരം നോക്കി നിന്നു. ഇംഗ്‌ളീഷ് ഭാഷയിൽ ഒന്നും കാണുന്നില്ല. അത് വഴി നടന്നുപോവുകയായിരുന്ന ഒരു സ്വദേശിയോട് ആംഗ്യ ഭാഷയിൽ കാർഡ് വേണമെന്ന് പറഞ്ഞു മനസ്സിലാക്കി. രണ്ടു മനാത്ത് മെഷീനിലിട്ട് ഒന്ന് രണ്ടു ബട്ടണുകൾ അമർത്തി അദ്ദേഹം എനിക്ക് കാർഡെടുത്ത് തന്നു. അതിൽ അഞ്ചു മനാത്ത് റീചാർജും ചെയ്തു. ബാകുവിലെ സിറ്റി ബസിലും മെട്രോയിലും എല്ലാം സഞ്ചരിക്കാൻ ഈ കാർഡ് മതി. ഓരോ മണിക്കൂർ ഇടവിട്ടും സിറ്റി സെന്ററിലേക്ക് എയർപോർട്ട് എക്സ്പ്രസ് ബസ് സർവീസ് ഉണ്ട്. പ്രത്യേകിച്ച് തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ രണ്ട് മനാതിനു നമുക്ക് ബസിൽ സിറ്റിയിൽ എത്താം. ടാക്‌സി കാറിൽ ആണെങ്കിൽ 25 ഓ അതിനു മുകളിലോ ആവും. '28 മെയ്' എന്ന ബസ് സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെ തന്നെ മെട്രോ സ്റ്റേഷനും ഉണ്ട്. ബസിന്റെ അവസാന സ്റ്റോപ്പും അത് തന്നെ. തിരിച്ചു പോരുമ്പോൾ അതേ സ്ഥലത്തു തന്നെ വന്നാൽ എയർപോർട്ടിലേക്കും ഇതേ ബസിൽ പോരാം.


ഉച്ചക്ക് പന്ത്രണ്ട് മണി ആയപ്പോഴേക്കും '28 മെയ്' ബസ് സ്റ്റേഷനിൽ എത്തി. ഇനി സിം കാർഡ് എടുക്കണം. ബസിറങ്ങി മൊബൈൽ ഷോപ്പുകൾ തെരഞ്ഞു. ബസ് സ്റ്റേഷൻ കോംപ്ലക്‌സിൽ തന്നെയുള്ള ഒരു മൊബൈൽ ഷോപ്പിൽ കയറി. സിം ആക്ടീവാക്കുന്നതിനിടയിൽ സജിത്തിന്റെ കാൾ വന്നു. റഷീദ് ഭായ് എവിടെയെത്തി, ഏൽപിച്ച ടാക്‌സിയുടെ എന്തോ മുടക്കം കാരണം ഞങ്ങളുടെ ട്രിപ്പ് കാൻസൽ ആയി. വൈകിട്ട് മൂന്ന് മണിക്ക് ഗബാലയിലെക്ക് ഒരു ബസ് ഉണ്ട്. നമുക്ക് ഒന്നിച്ചു പോയാലോ എന്ന അന്വേഷണമാണ്.  ഏകദേശം നാലു മണിക്കൂറോളം യാത്രയുണ്ട് ഈ പറഞ്ഞ സ്ഥലത്തേക്ക്. ബാകുവിൽ ബുക്ക് ചെയ്ത റൂം കാൻസൽ ചെയ്ത് ഞാൻ അവരോടൊപ്പം പോവാം എന്ന് തീരുമാനിച്ചു. സുഹൃത്ത് സജിത്തുമായി ട്രാവൽ ഗ്രൂപ്പിലെ പരിചയം കുറെ ആയെങ്കിലും നേരിൽ കണ്ടിരുന്നില്ല. നേരിൽ കാണാനുള്ള അവസരം കൂടിയായപ്പോൾ എനിക്ക് കൂടുതൽ സന്തോഷമായി. ഒരുപാട് രാജ്യങ്ങളിലൂടെ ഒട്ടേറെ യാത്രാനുഭവങ്ങൾ ഉള്ള ആള് കൂടി ആകുമ്പോൾ ആവേശം കൂടും.


മൊബൈൽ ഷോപ്പിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും സജിത്ത്  ബാകു ഇന്റർനാഷണൽ ബസ് സ്റ്റേഷന്റെ ലൊക്കേഷൻ അയച്ചു തന്നു.  ഓട്ടോവാഗ്സാൽ  ബസ് ടെർമിനൽ. ദീർഘദൂര ബസുകളും രാജ്യാന്തര ബസുകളും ഇവിടെ നിന്നും സർവീസ് ഉണ്ട്. 28 മെയ്  ബസ് സ്റ്റേഷനിൽ നിന്നും 14 ാം നമ്പർ ബസിൽ കയറി ഓട്ടോവാഗ്സാൽ ബസ് ടെർമിനലിൽ എത്തി. ഏകദേശം അര മണിക്കൂർ സമയമെടുത്തു. 
ടാക്‌സിയിൽ ആണെങ്കിൽ പത്ത് മിനിട്ടിനുള്ളിൽ എത്തുമായിരിക്കും. ബസ് സ്റ്റേഷനിൽ കാത്തു നിന്നിരുന്ന സജിത്തും ജിംസണും ഊഷ്മളമായ സ്വീകരണമാണ് എനിക്ക് നൽകിയത്.
മൂന്ന് പേരും കൂടി ബസ് സ്റ്റേഷനിലെ ഒരു റെസ്‌റ്റോറന്റിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചു. ബൊഫെ പോലെ എല്ലാ വിഭവങ്ങളും നിരത്തി വെച്ചിട്ടുണ്ട്. ഓരോന്നും സാമ്പിൾ ടേസ്റ്റ് നോക്കിയും മണത്തു നോക്കിയും ഒക്കെയാണ് ജിംസൺ ഓരോ വിഭവങ്ങൾ ഓർഡർ ചെയ്യുന്നത്. ജിംസണെ മുമ്പ് പരിചയമില്ലെങ്കിലും ആദ്യാനുഭവങ്ങളിൽ നിന്ന് തന്നെ അൽപം നർമം കലർന്നവനാണെന്ന് മനസ്സിലായി. പരിചയപ്പെടലും ഭക്ഷണം കഴിക്കലും ഒക്കെ ഒപ്പം തുടർന്നു. മൂന്ന് മണിക്ക് ബസ് പുറപ്പെടും. അതുകൊണ്ട് വേഗം ഭക്ഷണം കഴിച്ച് ഞങ്ങൾ ഗബാലയിലേക്കുള്ള ബസ് പാർക്ക് ചെയ്തിരുന്നിടത്തേക്ക് പോയി. മൂന്ന് പേർക്കുള്ള ടിക്കറ്റ് സജിത്ത് എടുത്തിരുന്നു. ഇത്തരം കാര്യങ്ങളിൽ കുറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പരിചയമുള്ള അദ്ദേഹത്തിന്റെ പിന്നാലെ അനുഗമിച്ചാൽ മാത്രം മതി എന്നുള്ളത് എനിക്കും ജിംസണും വലിയ അനുഗ്രഹമായി. ബാകുവിൽ നിന്നും 220 കിലോമീറ്ററോളം ദൂരമുള്ള ഗബാലയിലേക്ക് ഒരാൾക്ക് വെറും 9 മനാത് ആണ് ബസ് ചാർജ് ആയത്. 


ബസ് എന്ന് പറഞ്ഞപ്പോൾ വലിയ സ്ലീപ്പർ ബസ് ആയിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ പ്രതീക്ഷിച്ചതിലേറെ സൗകര്യപ്രദമായ 12 പേർക്കിരിക്കാവുന്ന ഒരു മിനി വാൻ. ഒരു ദിവസം ഒരു സർവീസ് മാത്രമേ ഉള്ളൂ. വൈകിട്ട് മൂന്ന് മണിക്ക് ബാകുവിൽ നിന്ന് ഗബാലയിലേക്കും തിരിച്ച് രാവിലെ 10 മണിക്ക് ബാകുവിലേക്കും. മൂന്ന് പേരും സമയത്ത് തന്നെ വാനിൽ കയറി. ജിംസൺ ഡ്രൈവറുമായി ഇംഗ്‌ളീഷിലും മംഗ്ളീഷിലും  എന്തൊക്കെയോ സംസാരിച്ച് ഡ്രൈവറോടൊപ്പം മുന്നിലെ സീറ്റ് ഒപ്പിച്ചു. അസർബൈജാനി ഭാഷയിൽ പല വിധത്തിലും ബാക്കിൽ ഇരിക്കാൻ അയാൾ ജിംസണോട് പറയുന്നതായി എനിക്ക് തോന്നി. ക്യാപ്റ്റൻ എന്നാണ് ജിംസൺ അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നത്. ആ വിളിയിൽ അദ്ദേഹം വീണു എന്ന് തോന്നുന്നു.  ക്യാപ്റ്റനായ ഡ്രൈവർ ജിംസണെ  ഒടുവിൽ മുൻ സീറ്റിൽ ഇരുത്തി. ബാക്ക് സീറ്റുകളിൽ ഞാനും സജിത്തും മൂന്ന് പെൺകുട്ടികളും. ബാക്കി ഏഴ് സീറ്റോളം ഒഴിഞ്ഞു കിടക്കുന്നു. ഒരു കുട്ടി ഏറ്റവും മുന്നിലെ സീറ്റിൽ ഡ്രൈവർക്ക് തൊട്ടുപിറകെ ചെവിയിൽ ഹെഡ്‌ഫോണൊക്കെ തിരുകി ഏതോ മൂഡിൽ ആദ്യമേ വാനിൽ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. അവൾക്ക് തൊട്ട് പിന്നിൽ സജിത്ത് ഇരുന്നു. 
ഏതാനും മണിക്കൂറുകളിലെ കറക്കമാണെങ്കിലും അസർബൈജാൻ സന്ദർശനം ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുമെന്നതിൽ സംശയമില്ല. 

Latest News