കണ്ണൂര്‍ - ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറിന് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മഫ്തിയിലും അല്ലാതെയുമുള്ള പോലീസുകാരാണ് സ്പീക്കറുടെ വീടിനും അദ്ദേഹം പങ്കെടുക്കുന്ന പൊതു പരിപാടികള്‍ക്കും കാവല്‍ നില്‍ക്കുന്നത്.
ഹൈന്ദവ ദൈവമായ ഗണപതിയെ അവഹേളിച്ച് പ്രസംഗിച്ചുവെന്നാരോപിച്ചാണ് സ്പീക്കര്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തു വന്നത്. അദേഹത്തിനെതിരെ പല പോലീസ് സ്‌റ്റേഷനുകളിലും ഇതിനകം ഹിന്ദു സംഘടനകള്‍ പരാതി നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഷംസിറിനെതിരെ പരാതി നല്‍കാന്‍ സംഘടനകള്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പം സ്പീക്കര്‍ പങ്കെടുക്കുന്ന പരിപാടികളിലും ഹിന്ദു സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മാഹി കലാഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി. ഇതിന് പിന്നാലെ ഇന്നലെ സ്പീക്കറുടെ മണ്ഡലം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടന്നു.
ഇന്നലെ തലശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയം അസംബ്ലി പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഷംസീര്‍ എത്തിയത് കനത്ത പോലീസ് സുരക്ഷയിലാണ്.
സ്പീക്കര്‍ക്കെതിരെ കണ്ണൂരിലും പോലീസില്‍ പരാതി നല്‍കി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചെന്നാരോപിച്ചാണ് പരാതി. ബി.ജെ.പി കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ബിനില്‍ കണ്ണൂരാണ് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് ഹിന്ദുക്കളുടെ ആരാധനാ മൂര്‍ത്തിയായ ഗണപതിയെ കുറിച്ച് തെറ്റായ പരാമര്‍ശം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.