കൊച്ചി- സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍ മാനനഷ്ട കേസ് നല്‍കി. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കേസ്.
എറണാകുളം സി. ജെ. എം കോടതിയില്‍ നേരിട്ടെത്തിയ കെ. സുധാകരന്‍ പരാതി നല്‍കുകയായിരുന്നു. എം. വി. ഗോവിന്ദനു പുറമേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. പി. വിദ്യ, ദേശാഭിമാനി പത്രം എന്നിവരും കേസിലെ കക്ഷികളാണ്.
തന്നെ ഇതില്‍ കൂടുതല്‍ അപമാനിക്കാനില്ലെന്ന് പ്രതികരിച്ച കെ. സുധാകാരന്‍ തന്നെ പോലൊരാള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരിക്കലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കാത്ത കേസിലാണ് ആരോപണം ഉന്നയിച്ചതെന്നും പറഞ്ഞു. മനസാ വാചാ അറിയാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഏത് കാര്യവും കൃത്യമായി ഫോളോ ചെയ്യുന്ന ആളാണ് താനെന്നും ക്രിമിനല്‍ അപകീര്‍ത്തി കേസായതിനാലാണ് നേരിട്ട് കോടതിയില്‍ ഹാജരായതെന്നും കെ. സുധാകരന്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ സുധാകരന്‍ ഉണ്ടായിരുന്നെന്ന് വാര്‍ത്തകളുണ്ടെന്നു പറഞ്ഞ എം. വി ഗോവിന്ദന്‍ മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടുപ്രതിയാണ് കെ. പി. സി. സി പ്രസിഡന്റെന്നും പറഞ്ഞിരുന്നു. താന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കെ. സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നും അതിജീവിത മൊഴി നല്‍കിയെന്നും ഒരു പത്രത്തില്‍ വാര്‍ത്തയുണ്ടെന്നും എം. വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.